scorecardresearch
Latest News

പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു

കമ്പനിയിലെ പാര്‍ട്ട്‌ണേഴ്‌സിന്‌ സിപിഎമ്മുമായിട്ടോ കോണ്‍ഗ്രസുമായിട്ടോ ബിജെപിയുമായിട്ടോ ബന്ധം കാണും. അതും ഞങ്ങള്‍ ചെയ്യുന്ന ബിസിനസ്സും തമ്മില്‍ ബന്ധമില്ല.

bev q, ബെവ് ക്യു, bevco queue app, ബെവ്‌കോയുടെ ക്യു ആപ്പ്‌, faircode technologies, ഫെയര്‍കോഡ് ടെക്‌നോളജീസ്‌, beverages corporation, ബിവറേജസ് കോര്‍പറേഷന്‍, iemalayalam, ഐഇമലയാളം

ബെവ് ക്യു (Bev Q) ആണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. ലോക്ക്ഡൗണ്‍ മൂലം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും ബാറുകളും അടഞ്ഞു കിടക്കുന്നതിനാല്‍ മദ്യം ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ്. ഈ ആപ്പിനെ കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ആപ്പിനെ സംബന്ധിച്ച വിവാദങ്ങളും ഏറെയാണ്. ആപ്പ് റിലീസ് ചെയ്യാന്‍ വൈകുന്നു, ഈ ആപ്പിലൂടെ ഓരോ ടോക്കണ്‍ എടുക്കുമ്പോഴും 50 പൈസ വീതം ആപ്പ് നിര്‍മ്മിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനു ലഭിക്കും, അതിലൂടെ മൂന്ന് കോടി രൂപ ഈ കമ്പനിക്ക് ലഭിക്കും, കൂടാതെ കമ്പനിയെ തിരഞ്ഞെടുത്തതിലും ക്രമക്കേടുണ്ട് തുടങ്ങിയ വിവാദങ്ങള്‍ ഉയരുന്നു. ഇതേ കുറിച്ചെല്ലാം കമ്പനി സിടിഒ രജിത് രാമചന്ദ്രന്‍ സംസാരിക്കുന്നു.

ബെവ് ക്യു എന്നത്തേക്ക് ലോഞ്ച് ചെയ്യാന്‍ കഴിയും?

ലോഞ്ച്  തീയതി എക്സൈസ് വകുപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അവര്‍ തീരുമാനിക്കുന്നത് അനുസരിച്ച് ചെയ്യും.  തീയതി സംബന്ധിച്ച് ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ലോഞ്ച് തീയതിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ എക്സൈസ് വകുപ്പോ കമ്പനിയോ പറഞ്ഞതല്ല. അതിനാല്‍ കാലതാമസമുണ്ടാകുന്നുവെന്ന ആരോപണം ശരിയല്ല.

ഞങ്ങള്‍ക്ക് ഈ പ്രോജക്ടിന്റെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടുന്നത് മേയ് 16-നാണ്.  15ന് ഞങ്ങള്‍ ആപ്പ് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  14ന് വൈകുന്നേരം ആപ്പ് നിര്‍മ്മിക്കുന്നതിനായി ഞങ്ങളെ തിരഞ്ഞെടുത്തുവെന്ന് അറിയിച്ചു കൊണ്ടുള്ള കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ (കെഎസ്യുഎം)  കണ്‍ഫര്‍മേഷന്‍ മെയില്‍ കിട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജോലി തുടങ്ങിയത്.  16നാണ് ഞങ്ങളുടെ സിഇഒ എംജികെ വിഷ്ണു തിരുവനന്തപുരത്ത് പോയി ബെവ്‌കോ എംഡിയുമായി ഈ കരാറില്‍ ഒപ്പിടുന്നത്.

അത് കഴിഞ്ഞ് ഇന്ന് ഏഴ് ദിവസമായി. 30 ലക്ഷം ഉപഭോക്താക്കളുടെ ഡാറ്റയും അത്രയും വലിയ ലോഡും കൈകാര്യം ചെയ്യേണ്ട ആപ്ലിക്കേഷനാണ്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് കാല താമസം എന്ന ചോദ്യം എനിക്ക് മനസ്സിലാകുന്നില്ല.

ആപ്പിന്റേയും  ഡാറ്റയുടേയും  സുരക്ഷ ഉറപ്പാണോ?

ബെവ് ക്യു ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സര്‍ക്കാരിന്റെ തന്നെ ആമസോണ്‍ വെബ് സെര്‍വറിന്റെ ഹൈഎന്‍ഡ് വെര്‍ഷനിലാണ്. അതുകൊണ്ട് തന്നെ ആപ്പില്‍ ലോഗിന്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഓട്ടോമാറ്റിക്കായി ലോഡ് ക്രമീകരിക്കും. അതിനാല്‍ ആപ്പ് ഹാങ് ആകുക, ക്രാഷ് ആകുക പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയുമില്ല. കൂടാതെ ഡാറ്റ സുരക്ഷിതവുമാണ്.

bev q, ബെവ് ക്യു, bevco queue app, ബെവ്‌കോയുടെ ക്യു ആപ്പ്‌, faircode technologies, ഫെയര്‍കോഡ് ടെക്‌നോളജീസ്‌, beverages corporation, ബിവറേജസ് കോര്‍പറേഷന്‍, iemalayalam, ഐഇമലയാളം
രജിത് രാമചന്ദ്രന്‍

ബെവ് ക്യു ചെറിയ ആപ്പാണെന്നും ഇത്രയും കാലതാമസം വേണ്ടായെന്നും ചര്‍ച്ച നടക്കുന്നുണ്ടല്ലോ?

ബെവ് ക്യു ആപ്പിന് ആകെ മൂന്ന് പേജേയുള്ളൂ. മൊബൈല്‍ ഫോണില്‍ നമ്മള്‍ കാണുന്ന ഫ്രണ്ട് എന്‍ഡല്ല ആപ്ലിക്കേഷന്‍. സാങ്കേതികമായി ബാക്ക് എന്‍ഡില്‍ സെര്‍വര്‍ വശത്തെ കോഡിങ്ങിലാണ് പ്രാധാന്യം. ഉപഭോക്താവ് കാണുന്ന ഭാഗം ചെയ്യാന്‍ ഞങ്ങള്‍ രണ്ട് ദിവസം പോലുമെടുത്തിട്ടില്ല. അതൊന്നുമൊരു സമയമല്ല. ഇതിനെ സംബന്ധിച്ച് ബാക്ക് എന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ചെയ്യണം, സെക്യൂരിറ്റി ഓഡിറ്റ് ചെയ്യണം, ലോഡ് ടെസ്റ്റ് ചെയ്യണം. ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് പുറത്ത് വിടാനൊരു സമയക്രമവും ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. അത് ചെയ്യാതെ ആ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ പറ്റില്ല.

മറ്റൊരു കാര്യം ബെവ് ക്യു ആപ്പ് താഴെത്തട്ടില്‍ ലോഡ് ടെസ്റ്റ് ചെയ്യാന്‍ പറ്റില്ല (ആപ്പിന്റെ ആദ്യ വെര്‍ഷന്‍ പ്ലേ സ്റ്റോറില്‍ റിലീസ് ചെയ്ത ശേഷം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവരുടെ എണ്ണവും അവര്‍ നല്‍കുന്ന ഫീഡ് ബാക്കിന് അനുസരിച്ച് ആപ്പ് മെച്ചപ്പെടുത്തുന്ന രീതി). അതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. ഈ ആപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണ്ടെത്താനാണ് ടെസ്റ്റുകള്‍ നടത്തുന്നത്.

സാധാരണ ആപ്പുകള്‍ ചെയ്യുന്നതുപോലെ താഴെത്തട്ടില്‍ ടെസ്റ്റ് ചെയ്താല്‍ ആളുകള്‍ ടോക്കണ്‍ എടുത്ത് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ എത്തുമ്പോള്‍ വെറും വെള്ളം കൊടുത്തുവിടാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അതിനനുസരിച്ച് പ്ലാന്‍ ചെയ്യണം. അതിനാല്‍ സാധ്യമായ ലോഡ് ടെസ്റ്റിങ് വഴിയെന്നത് മെഷീന്‍ ലോഡ് ടെസ്റ്റാണ്. സെക്യൂരിറ്റി പരിശോധന നടത്തണം. ഇതെല്ലാം ഞങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ചെയ്യണം.

ഇതെല്ലാം കഴിഞ്ഞിട്ടേ ആപ്പ് പുറത്ത് വിടാന്‍ പറ്റു. ബിവറേജ്സ്  ഔട്ട്‌ലെറ്റുകള്‍  തുറക്കാന്‍ വൈകിയതു കൊണ്ട് ആപ്പ് പെട്ടെന്ന് റിലീസ് ചെയ്യണം എന്ന് പറയാന്‍ പറ്റില്ല. അല്ലെങ്കില്‍ ആപ്പില്ലാതെ മദ്യം കൊടുക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കണം. ഈ ആപ്പ് ഉണ്ടാക്കിയിട്ട് മദ്യ വിതരണം ആരംഭിക്കാനുള്ള തീരുമാനത്തിന് അനുസരിച്ചുള്ള സമയം എക്സൈസ് വകുപ്പ് ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.

Read Also: കേരള പൊലീസിന്റെ മൊബൈല്‍ ആപ്പ് “ചങ്കാപ്പോ പൊല്ലാപ്പോ”?

ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതിയെ കുറിച്ചുള്ള വിവാദം എന്താണ്?

മാധ്യമങ്ങള്‍ നാടകീയത വരുത്തുന്ന രീതിയില്‍ ദിവസവും രാവിലെ ഒരു വാര്‍ത്ത, ഉച്ചയ്‌ക്കൊരു വാര്‍ത്ത എന്ന രീതിയില്‍ കൊടുത്താല്‍ ഗൂഗിള്‍ റിലീസ് ചെയ്യില്ല. ഗൂഗിള്‍ ഞങ്ങളുടെ കോഡ് വെരിഫിക്കേഷന്‍ ചെയ്യാനുള്ള ഏജന്‍സിയല്ല. ഞങ്ങള്‍ കൊടുക്കുന്ന പ്രൈവസി പോളിസിയും ടേംസ് ആന്റ് കണ്ടീഷന്‍സിനും അനുസരിച്ച് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് അവര്‍ വെരിഫൈ ചെയ്യുന്നത്.

അതുകൂടാതെ എന്തെങ്കിലും ഡാറ്റ എടുക്കുന്നുണ്ടോ. ഉദാഹരണമായി ഫോട്ടോ, ക്യാമറ, കോണ്‍ടാക്ടുകള്‍ എന്നിവ ഈ ആപ്പ് എടുക്കുന്നുണ്ടോയെന്നൊക്കെയാണ് നോക്കുന്നത്. മുമ്പ് സാധാരണ 24 മണിക്കൂറിനുള്ളില്‍ കിട്ടുമായിരുന്നു. ഇപ്പോഴത് മൂന്ന് ദിവസമെടുക്കും. ആപ്പ് റിലീസ് ചെയ്തതിനുശേഷമുള്ള അപ്‌ഡേറ്റുകളാണെങ്കില്‍ നാല് മണിക്കൂറില്‍ അനുമതി ലഭിക്കും.

മേയ് 22-ന് രാവിലെ ഞങ്ങള്‍ പ്ലേ സ്റ്റോറില്‍ ബീറ്റാ വെര്‍ഷന്‍ റിലീസ് ചെയ്തിട്ടുണ്ട്. അതിന്റെ അപ്രൂവലിനുവേണ്ടി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷമാണ് ഞങ്ങളത് ഗൂഗിളിന് നല്‍കിയത്. ആ അനുമതിയടക്കം ഗൂഗിളിന് നല്‍കി. അതിനാല്‍ സാധാരണ സമയത്തിനുമുമ്പേ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സുരക്ഷാ പരിശോധനകള്‍ നടത്തി അനുമതി കിട്ടാതെ ഞങ്ങള്‍ക്കിത് ബീറ്റാ വെര്‍ഷന്‍ പ്ലേ സ്റ്റോറിന് നല്‍കാന്‍ കഴിയില്ല. മേയ് 22-ന് രാത്രിയാണ് ഞങ്ങള്‍ക്ക് ആ അനുമതി ലഭിച്ചത്.

 കരാര്‍ സുതാര്യമല്ലെന്ന് ആരോപണം?

കെഎസ്‌യുഎം വഴിയാണ് ഞങ്ങള്‍ക്ക് ഈ പ്രോജക്ട് കിട്ടുന്നത്. സംസ്ഥാന സര്‍ക്കാരിന് ആവശ്യമുള്ള പ്രോജക്ടുകള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന പദ്ധതിയുണ്ട്.  അത് പ്രകാരം അഞ്ച് ലക്ഷം രൂപവരെയുള്ള പദ്ധതികള്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് കെഎസ്‌യുഎം വഴി ടെണ്ടര്‍ വിളിച്ച് നല്‍കും.

അത്തരത്തില്‍ പദ്ധതികള്‍ക്ക് ടെണ്ടര്‍ വിളിക്കുന്നത് കെഎസ്‌യുഎമ്മിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ഐഡി ലഭിച്ചിട്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കേ കാണാന്‍ സാധിക്കുകയുള്ളൂ. അതില്‍ വരുന്ന പ്രോജക്ടുകളില്‍ ഏതെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നവ ഉണ്ടോയെന്ന് പതിവായി പരിശോധിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഇതൊരു സാധ്യമായ പദ്ധതിയാണെന്ന് മനസ്സിലാക്കി.

ഞങ്ങള്‍ക്ക് അതിന്റെ സാങ്കേതിക വിദ്യ അറിയാം. അതിനാല്‍, ആപ്പിന്റെ ടെക്‌നിക്കല്‍ പ്രൊപ്പോസല്‍ തയ്യാറാക്കി അപേക്ഷിച്ചു. മേയ് ഏഴിനാണ് കെഎസ്‌യുഎം അപേക്ഷ ക്ഷണിക്കുന്നത്. മേയ് ഒമ്പതിനായിരുന്നു അവസാന തീയതി. 11ന് ടെക്‌നിക്കല്‍ ഇവാലുവേഷന്‍ കെഎസ്‌യുഎം നടത്തി. ഏകദേശം 30 കമ്പനികള്‍ പങ്കെടുത്തു. അതില്‍ നിന്നും അഞ്ച് പേരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി.

അതിലൊന്ന് ഞങ്ങളാണെന്ന് അറിയിച്ചുകൊണ്ട്‌  13ന് ഇമെയില്‍ സന്ദേശം ലഭിച്ചു. അന്ന് വൈകുന്നേരം നാല് മണിയോടെ ഫൈനാന്‍ഷ്യല്‍ പ്രൊപ്പോസല്‍ കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫൈനാന്‍ഷ്യല്‍ പ്രൊപ്പോസലിന് 70 മാര്‍ക്കും ടെക്‌നിക്കല്‍ പ്രൊപ്പോസലിന് 30 മാര്‍ക്കുമാണ് മൊത്തം ഉള്ളത്. ഈ മീറ്റിങ്ങുകളെല്ലാം ഓണ്‍ലൈന്‍ വഴിയായിരുന്നു നടന്നിരുന്നത്.

മേയ് 13ന് 6.30ന് ഓപ്പണ്‍ ടെണ്ടര്‍ നടത്തി. അതില്‍ എല്ലാ കമ്പനികളും ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. എല്ലാ കമ്പനികളുടേയും ഫൈനാന്‍ഷ്യല്‍ പ്രൊപ്പോസലിന്റെ പിഡിഎഫ് തുറന്ന് കാണിച്ചിരുന്നു.  14ന് ഞങ്ങള്‍ക്ക് കെഎസ്‌യുഎമ്മില്‍ നിന്നും കണ്‍ഫര്‍മേഷന്‍ മെയില്‍ വന്നു. ഒന്നാം റാങ്കാണെന്നും മൊത്തം 85.3 മാര്‍ക്കുണ്ടെന്നും മെയിലില്‍ പറഞ്ഞിരുന്നു.

ഞങ്ങളുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് കൈമാറുന്നുവെന്നും അവരുടെ അംഗീകാരം കൂടെ കിട്ടേണ്ടതുണ്ടെന്നും ഞങ്ങളെ അറിയിച്ചു. തുടര്‍ന്നുള്ള പ്രക്രിയയ്ക്കായി സര്‍ക്കാര്‍ അധികൃതര്‍ ബന്ധപ്പെടുമെന്നും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അറിയിച്ചു. അന്നേദിവസം, ബെവ്‌കോ എംഡി, ഐടി സെക്രട്ടറി, സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രതിനിധി തുടങ്ങിയവരുമായി ഞങ്ങളുടെ സിഇഒ വിഷ്ണു മീറ്റിങ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍  14ന് രാത്രി തന്നെ പ്രവര്‍ത്തനം ആരംഭിച്ചത്.  15ന് ഞങ്ങള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ കിട്ടി.

ഇത്രയും സുതാര്യമായി ഏതെങ്കിലും വകുപ്പില്‍ കാര്യങ്ങള്‍ നടക്കുമോയെന്ന് അറിയില്ല. അങ്ങനെ നടന്ന ഒരു കാര്യത്തെക്കുറിച്ചാണ് നുണ പ്രചാരണങ്ങള്‍ നടക്കുന്നത്. 30 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഫീച്ചേഴ്‌സുള്ള ആപ്പ് നിര്‍മ്മിച്ചു നല്‍കാം എന്ന പ്രൊപ്പോസലാണ് ഞങ്ങള്‍ നല്‍കിയത്. അവരത് 10 ദിവസത്തിനുള്ളില്‍ തീര്‍ക്കാവുന്ന രീതിയില്‍ കുറച്ചു. നിലവില്‍ അത്രയും ആവശ്യമേയുള്ളൂവെന്ന് പറഞ്ഞു.

സര്‍ക്കാരിന്റെ ആവശ്യം എന്തായിരുന്നു?

ഇപ്പോഴത്തെ ആപ്പ് അത്ര ഉപഭോക്തൃ സൗഹൃദ ആപ്ലിക്കേഷന്‍ അല്ല. ഫ്‌ളക്‌സിബില്‍ ആയിട്ടുള്ള ആപ്പല്ല. പക്ഷേ, ഉപയോഗിക്കാന്‍ ബുദ്ധിമുട്ടില്ല. പിന്‍കോഡ് മാത്രം വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ്. ഉപഭോക്താവ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന പിന്‍കോഡിന്റെ പരിധിയിലുള്ള ബാര്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ പട്ടിക ലഭിക്കും. അതില്‍ നിന്നും ഉപഭോക്താവിന് താല്‍പര്യമുള്ളത് തിരഞ്ഞെടുക്കാം.

ഫ്‌ളക്‌സിബിള്‍ എന്ന് പറയുമ്പോള്‍ ജില്ലകള്‍ തിരിച്ചും ഉപഭോക്താവ് മദ്യം വാങ്ങാനൊരുങ്ങുമ്പോള്‍ നില്‍ക്കുന്ന സ്ഥലം അനുസരിച്ചും ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാനുള്ള മാര്‍ഗങ്ങള്‍ വേണമായിരുന്നു. ഞങ്ങള്‍ കൊടുത്ത പ്രൊപ്പോസലില്‍ ഇവ കൂടാതെ സമയവും ഔട്ട്‌ലെറ്റും ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. അടുത്ത ഘട്ടത്തില്‍ അവ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ ആവശ്യപ്പെട്ട യൂസര്‍ എക്‌സ്പീരിയന്‍സുകളാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്.

ഒരാള്‍ക്ക് ഫോണ്‍നമ്പരും പിന്‍കോഡും വച്ച് ടോക്കണ്‍ എടുക്കാന്‍ സാധിക്കണമെന്നായിരുന്നു ആവശ്യം. ഇപ്പോള്‍ അന്തര്‍ ജില്ലാ യാത്ര അനുവദിക്കാത്തതിനാല്‍ തുടക്കത്തില്‍ ഇത്രയും മതിയെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എങ്കിലും കോവിഡ്-19 സാഹചര്യം സമൂഹത്തില്‍ മാറുന്നതിന് അനുസരിച്ച് ഞങ്ങള്‍ കൊടുത്ത നിര്‍ദ്ദേശങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തും.

പ്രതീകാത്മക ചിത്രം. ഫൊട്ടോ: നരേന്ദ്ര വെസ്കർ

മൊബൈല്‍ നമ്പര്‍ മാത്രം മതിയെങ്കിൽ വെബ് ആപ്പ് നിര്‍മ്മിച്ചാല്‍ പോരേ?

ബെവ് ക്യുവില്‍ അടുത്ത അപ്‌ഡേഷന്‍ വരുന്നത് ഉപഭോക്താവ് നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി അതനുസരിച്ച് ടോക്കണ്‍ നല്‍കുന്ന സംവിധാനമാണ്. യാത്ര ചെയ്യുന്ന സമയത്ത് മദ്യം വാങ്ങിക്കുടിക്കാന്‍ അവസരം ഉണ്ടാകരുതെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് ഇപ്പോള്‍ പിന്‍കോഡ് വച്ച് ടോക്കണ്‍ നല്‍കുന്നത്. ഇപ്പോഴത്തെ രീതിയില്‍ ഈ പിന്‍കോഡ് എഡിറ്റ് ചെയ്യാന്‍ പറ്റില്ല. കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മൊബൈല്‍ ആപ്പ് ആരംഭിക്കുന്നത്.

ഓരോ ടോക്കണ്‍ എടുക്കുമ്പോഴും 50 പൈസ കിട്ടുന്നുവെന്ന് ആരോപണം?

രമേശ് ചെന്നിത്തലയോട് ഞങ്ങള്‍ക്ക് പറയാനുള്ളത് മൂന്ന് കോടി രൂപ തരികയാണെങ്കില്‍ ഈ പ്രോജക്ടിനുവേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് കൊടുക്കാമായിരുന്നുവെന്നാണ്. ദിവസം 10 ലക്ഷം രൂപ കിട്ടുന്നുവെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് നല്ല സന്തോഷം തോന്നി. ഞങ്ങള്‍ ഈ ആപ്പ് നിര്‍മ്മിക്കുന്നതിന് ഒറ്റത്തവണ ചെലവാണ് പറഞ്ഞിരിക്കുന്നത്. 2,83,000 രൂപയാണ് ഒരു വര്‍ഷത്തേക്ക് ബില്‍ ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് മെയിന്റനന്‍സും സൗജന്യമാണ്. ഒരു വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ തന്നെയാണ് ഈ ആപ്പ് വീണ്ടും കൈകാര്യം ചെയ്യുന്നതെങ്കില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഎമ്മുമായി ബന്ധമുള്ളത് കൊണ്ടാണ് കരാര്‍ ലഭിച്ചതെന്ന് ആരോപണം?

മൂന്ന് പാര്‍ട്ട്‌ണേഴ്‌സാണ് കമ്പനിയിലുള്ളത്. മൂന്നു പേര്‍ക്കും സിപിഎമ്മുമായിട്ടോ കോണ്‍ഗ്രസുമായിട്ടോ ബിജെപിയുമായിട്ടോ ബന്ധം കാണും. അതും ഞങ്ങള്‍ ചെയ്യുന്ന ബിസിനസ്സും തമ്മില്‍ ബന്ധമില്ല. ഞാന്‍ എവിടെയെങ്കിലും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് ഈ പ്രോജക്ട് നേടിയിട്ടുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് പ്രശ്‌നമുള്ളൂ. ഞങ്ങളുടെ സിഇഒയും ഞാനും ഇടതുപക്ഷക്കാരാണ്. കോളേജില്‍ യൂണിയന്‍ അംഗങ്ങള്‍ ആയിരുന്നവരാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ എസ്എഫ്ഐക്കാരും കെഎസ്‌യുക്കാരും എബിവിപിക്കാരുമൊക്കെയുണ്ട്. ഞങ്ങളുടെ മൂന്നാമത്തെ പാര്‍ട്ട്ണര്‍ക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയവുമില്ലാത്തയാളാണ്. അപ്പോള്‍ അയാളെ എന്ത് പറയും. ഇതിനെ വിവാദമാക്കണമെന്ന് കരുതി ചിന്തിച്ചുറപ്പിച്ച് ചെയ്തതാണ്.

ഈ വര്‍ഷം ഫെബ്രുവരി 26-നാണ് രജിത് രാമചന്ദ്രനും നവീന്‍ ജോര്‍ജും എംജികെ വിഷ്ണുവും ചേര്‍ന്ന്‌ ഫെയര്‍കോഡ് ടെക്‌നോളജീസ് ആരംഭിച്ചത്. 2009 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇതിന് മുമ്പ് ഇത്രയും വലിയ ലോഡ് വരുന്ന പ്രോജക്ടുകള്‍ ചെയ്തിട്ടില്ല. സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറാണ് ചെയ്തു കൊണ്ടിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bevq app controversies beverages corporation faircode technologies