തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂ വഴിയുള്ള ടോക്കണ്‍ വിതരണത്തില്‍ രണ്ട് ദിവസമായുള്ള പരാതികള്‍ അല്‍പം കുറഞ്ഞു. ഇന്ന് ആപ് വഴിയെടുത്ത ടോക്കണിലൂടെ കൂടുതല്‍ പേര്‍ക്ക് മദ്യം വാങ്ങാന്‍ സാധിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ബുക്കിങ് പുനരാരംഭിച്ച് രണ്ട് മണിക്കൂറിനകം 4.05 ലക്ഷം ടോക്കണുകള്‍ ഇന്നത്തേക്കായി വിതരണം ചെയ്തു. ആപ് ലോഞ്ച് ചെയ്ത്‌ മൂന്ന് ദിവസം പിന്നിടുമ്പോൾ ഇതുവരെ പ്ലേ സ്റ്റോറിൽ നിന്ന് 14 ലക്ഷത്തിലേറെ ആളുകൾ ഡൗൺലോഡ് ചെയ്‌തു. അതേസമയം, ഗൂഗിള്‍ പ്ലേയില്‍ ആപ് ഇന്‍ഡക്‌സ് ചെയ്തു. ഇനി ബെവ് ക്യൂ (Bev Q) എന്ന് തിരഞ്ഞ് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഒരു ദിവസം 4.64 ലക്ഷം ടോക്കണുകളാണ് ആപ് വഴി സംസ്ഥാനത്ത് മദ്യവില്‍പനയ്ക്കായി നല്‍കേണ്ടത്.

ഇന്നത്തേക്ക് അനുവദിച്ച 96 ശതമാനം ടോക്കണുകളും വിതരണം ചെയ്‌തുകഴിഞ്ഞതായി ഫെയർകോഡ് ടെക്‌നോളജീസ് അറിയിച്ചു. ആപ് വഴിയും എസ്എംഎസിലൂടെയുമായി 27 ലക്ഷം ആളുകളാണ് ബെവ്‌ ക്യൂ പ്ലാറ്റ്‌ഫോമിൽ ഇതുവരെ രജിസ്റ്റ‍ർ ചെയ്തതെന്നും ആപ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചു.

അതേസമയം, മദ്യം വാങ്ങാൻ ദൂരസ്ഥലത്തുള്ള മദ്യശാലകളിലേക്ക് ഇ-ടോക്കൺ ജനറേറ്റ് ചെയ്യുന്നത് ഉപഭോക്‌താക്കൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ദൂരസ്ഥലങ്ങളിലേക്ക് ബുക്കിങ് പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പലരും പരാതി പറയുന്നു. ഉപഭോക്താവിന്റെ പിന്‍കോഡ് ആപ്പില്‍ കൊടുത്താണ്‌ ടോക്കൺ ജനറേറ്റ് ചെയ്യുക.

ആദ്യ ദിവസം തൊട്ടടുത്തുള്ള മദ്യവിൽപ്പനശാലകളിലേക്കോ ബാറുകളിലേക്കോ ആയിരുന്നു ബുക്കിങ് ലഭിച്ചിരുന്നത്. എന്നാൽ, ഇന്നലെ മുതൽ പലർക്കും ദൂരസ്ഥലങ്ങളിലേക്കാണ് ബുക്കിങ് ലഭിക്കുന്നത്. ഇതിനുള്ള കാരണവും ഫെയർകോഡ് ടെക്‌നോളജീസ് വ്യക്തമാക്കുന്നുണ്ട്.

Read Also: തലങ്ങും വിലങ്ങും ട്രോളി ട്രോളന്മാർ; സംഭവം കൊള്ളാമല്ലോ എന്ന് അഹാന

ആപ്പിൽ നൽകുന്ന പിൻകോഡിന് ഇരുപത് കിലോമീറ്റ‍ർ ചുറ്റളവിലുള്ള മദ്യശാലകളില്‍ ഒന്നിലേക്കാണ് ടോക്കണ്‍ നല്‍കുന്നത്. ബെവ്‌കോയുടെ മദ്യശാലകളിലും ബാറുകളിലും ഒരേ പോലെ ഉപഭോക്താക്കളെ എത്തിക്കുകയാണ് ലക്ഷ്യം. ബെവ്‌കോയുടെ നിർദേശപ്രകാരമാണ് ഈ സജ്ജീകരണമെന്നും ഫെയർകോഡ് ടെക്‌നോളജീസ് പറഞ്ഞു.

ബെവ്‌കോ ചില്ലറ വിൽപനശാലകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യത്തിന് ഒരേ വിലയാണെന്നും അതിനാൽ ഫൈവ് സ്റ്റാ‍ർ ഹോട്ടലുകളിലെ ബാറിൽ പോകാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും കമ്പനി വിശദീകരിച്ചു.

ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് ഇന്നലെ രാത്രി മുതലാണ് ബുക്കിങ് പുനരാരംഭിച്ചത്. ഇന്ന് സാധാരണഗതിയിൽ മദ്യവിൽപ്പന നടക്കുന്നുണ്ട്. പലയിടത്തും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണായ ഞായര്‍, ജൂണ്‍ ഒന്നായ തിങ്കള്‍ ദിവസങ്ങളിൽ മദ്യവിൽപ്പനയില്ല. ചൊവ്വാഴ്‌ച മദ്യവിൽപ്പന പുനരാരംഭിക്കും. മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ മദ്യവില്‍പനയില്ലെന്ന് ബവ്‌റജിസ് കോര്‍പറേഷനും അറിയിച്ചു.

Read Also: പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനഃപൂർവം തോറ്റു; ശീതയുദ്ധത്തിൽ മറുപടിയുമായി സ്റ്റോക്‌സ്

അതേസമയം, സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച ബെവ്‌ ക്യൂ ആപ് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമുണ്ടായ വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും പിന്‍വലിക്കേണ്ടതില്ലെന്ന് എക്സൈസ് വകുപ്പും തീരുമാനിച്ചു. നിലവില്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വെര്‍ച്വല്‍ ക്യൂ ആപ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ്‌ ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ ആപ് വഴി മദ്യവില്‍പ്പന പുനരാരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.