തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപന ശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള ബെവ് ക്യൂ ആപ്പ്പ് പുറത്തിറങ്ങുന്നതിന് മുൻപ് വ്യാജ ആപ് പുറത്തിറങ്ങിയ സംഭവം ഹൈടെക് ക്രൈം എന്‍ക്വയറി സെൽ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. വ്യാജ ആപ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയിൽ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ആപ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read More: കാത്തിരിപ്പിനൊടുവിൽ ‘ബെവ്ക്യു’ ആപ്പ് പുറത്തിറങ്ങി: പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
മദ്യം വാങ്ങുന്നതിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ് ക്യൂ ബുധനാഴ്ച രാത്രി 10.45ഓടെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായത്. എന്നാൽ അതിനു മുൻപ് തന്നെ വ്യാജ ബെവ് ക്യൂ പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ടോടെ ലഭ്യമാവുമെന്നായിരുന്നു ആപ് ഡെവലപ്പർമാരായ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് വ്യാജ ബെവ് ക്യൂ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രചരിച്ചത്.
Read More: ബെവ് ക്യു ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതിന് കാരണം ഇതാണ്
നേരത്തെ ബെവ് ക്യൂ ആപ്പിന്റെ പരീക്ഷണ പതിപ്പ് ചോർന്നിരുന്നു. ആപ്പിന്റെ അന്തിമ വെര്‍ഷന്‍ പ്ലേ സ്റ്റോറില്‍ ഇടുന്നതിന് മുമ്പ് ബീറ്റാ വെര്‍ഷന്‍ പരീക്ഷണത്തിനായി പ്ലേ സ്റ്റോറിൽ ഇട്ടതിന്റെ ലിങ്ക് കമ്പനിയില്‍ നിന്നും ചോര്‍ന്നു. ചൊവ്വാഴ്ചയാണ് ഈ ലിങ്ക് ചോര്‍ന്നത്. ഈ ലിങ്കിലേക്ക് ഒരു മിനിറ്റ് കൊണ്ട് 20,000 പേര്‍ എത്തി. പതിനായിരത്തോളം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തുവെന്ന് ഫെയർകോഡ് ഫെയര്‍കോഡ് ടെക്‌നോളജീസ് സിടിഒ രജിത് രാമചന്ദ്രന്‍ പറഞ്ഞു.
ആപ്പിന്റെ വിവിധ സുരക്ഷാ പരിശോധകള്‍ നടത്തുന്നതിന് 70 പേരടങ്ങുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നുവെന്നും ഈ ഗ്രൂപ്പില്‍ നിന്നുമാണ് ലിങ്ക് ചോര്‍ന്നതെന്നും രജിത് പറഞ്ഞു. ലീക്ക് മനസ്സിലായപ്പോള്‍ തന്നെ അത് ബ്ലോക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Read More: ‘താങ്ക് യൂ സുന്ദരേട്ടാ’; ഗൂഗിളിനെ സ്നേഹംകൊണ്ട് മൂടി മലയാളികൾ
മദ്യവിതരണത്തിനുള്ള ഓൺലൈൻ ആപ്പാണ് ബെവ് ക്യൂ (Bev Q). ഉപഭോക്താക്കള്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. പേര്, പിൻകോഡ് എന്നിവയും നൽകണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം, ബീയർ/വൈൻ എന്നിവ വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. റജിസ്റ്റർ ചെയ്‌തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണിൽ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കുന്നതോടെ എത്തേണ്ട സമയവും ക്യുആര്‍ കോഡും ഫോണിൽ ലഭിക്കും. ടോക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. മദ്യം വാങ്ങാനെത്തുമ്പോൾ ഫോണിലെ ക്യുആർ കോഡ് ജീവനക്കാർ സ്കാൻ ചെയ്യും.
സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. എന്ന ഫോർമാറ്റിൽ ബവ്കോയുടെ പ്രത്യേക നമ്പറിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. മദ്യമെങ്കിൽ BL എന്നും വൈൻ എങ്കിൽ BW എന്നും ഉപയോഗിക്കണം. VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് തിരികെ എസ്എംഎസ് ആയി ടോക്കൺ ലഭിക്കും. മദ്യശാല, എത്തേണ്ട സമയം തുടങ്ങിയവ ഇതിലുണ്ടാകും. എസ്എംഎസ് ജീവനക്കാരെ കാണിച്ചശേഷം മദ്യം വാങ്ങാം. എസ്എംഎസ് അയയ്ക്കേണ്ട നമ്പർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read More: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു
ഓൺലൈൻ ക്യൂ വഴിയുള്ള മദ്യവിതരണത്തിനായി സർക്കാർ മാർഗനിർദേശമിറക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവിതരണം നടക്കുക. ഒരു തവണ മദ്യം വാങ്ങിയാൽ 4 ദിവസം കഴിഞ്ഞേ വീണ്ടും ടോക്കൺ ലഭിക്കൂ. പരമാവധി 3 ലിറ്റർ വാങ്ങാം.