/indian-express-malayalam/media/media_files/uploads/2017/03/Anil_Akkara.jpg)
തൃശൂര്‍: സുപ്രീം കോടതി വിധിയനുസരിച്ച് മാറ്റി സ്ഥാപിക്കുന്ന ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്കുവേണ്ടി കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. ഈ നടപടിയിലൂടെ സംസ്ഥാന സര്‍ക്കാരിനു വർഷം തോറും 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്‍ പുതിയതായി കരാറിലേര്‍പ്പെട്ടിട്ടുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും വാടകക്കെടുത്തിട്ടുള്ളത് സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ്.
നിലവിലുള്ള കടകളുള്ള വിസ്തൃതിക്കനുസരിച്ചുള്ള കെട്ടിടങ്ങളല്ല വാടകയ്‌ക്കെടുത്തിട്ടുള്ളത്. നിയമനുസരിച്ച് 500 ചതുരശ്ര അടിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ മിക്കവയും ആയിരം മുതല്‍ രണ്ടായിരം വരെ ചതുരശ്ര അടി വലിപ്പമുള്ളവയാണ്. കെട്ടിടങ്ങള്‍ ആവശ്യമുണ്ടെന്നു പത്രപ്പരസ്യം നാളിതുവരെയായി നല്‍കിയിട്ടുമില്ല. കരാറില്‍ ഒപ്പിട്ടിട്ടുള്ള കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുമില്ല. കെട്ടിടങ്ങള്‍ക്കാകട്ടെ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപവരെയാണ് പ്രതിമാസവാടക. പരമാവധി പതിനായിരം രൂപയില്‍ താഴെ മാത്രം വാടക വരുന്നവയാണിത്. ഇതിനാകട്ടെ സിപിഎം പ്രാദേശിക നേതൃത്വം ആറുമാസത്തെ വാടക സംഭാവനയായി കൈപ്പറ്റുന്നതായി വിവരം ലഭിച്ചതായും അനില്‍ അക്കര ആരോപിച്ചു. നൂറ്റി എഴുപതോളം ഔട്ട്‌ലറ്റുകള്‍ക്ക് പരമാവധി 20000 രൂപ കണക്കാക്കിയാല്‍ തന്നെ നാലുകോടി രൂപമാത്രമാണ് വര്‍ഷത്തില്‍ വാടക നല്‍കേണ്ടി വരിക. എന്നാല്‍ ഇവിടെ വര്‍ഷത്തില്‍ 15 കോടിയോളം വാടകയായി നല്‌കേണ്ടി വരുന്നു. നേരത്തെ ഉണ്ടായിരുന്ന കടകള്‍ സംസ്ഥാന, ദേശീയ പാതയോരങ്ങളിലാണ്.
മാറ്റിസ്ഥാപിക്കുന്നത് ജില്ലാ, പഞ്ചായത്തുപാതയോരങ്ങളിലാണ്. അതിനാല്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വാടക വരു്ന്ന പ്രശ്നമില്ല. നേരത്തെയുണ്ടായിരുന്ന സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ മൂല്യനിര്‍ണയം നടത്താന്‍ നിയമപരമായി സർക്കാരിനാവുകയുമില്ല. അതിനാല്‍ ഇക്കാര്യത്തില്‍ മാത്രം 12 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാകും. തന്റെ വകുപ്പില്‍ അഴിമതി ഉണ്ടാകില്ലെന്നും സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്നും പറയുന്ന മന്ത്രി ജി. സുധാകരന്‍ ഈ വിഷയത്തില്‍ നടപടിയെടുക്കുമോ, സോഷ്യല്‍ ഓഡിറ്റിങ്ങിനു തയ്യാറുണ്ടോയെന്നും അനില്‍ അക്കര ചോദിച്ചു.
പലടിയത്തും പഞ്ചായത്തുകളുടെ അനുമതിയല്ലാതെയാണ് മദ്യം സ്റ്റോക്ക് ചെയ്യുന്നത്. പഞ്ചായത്തീ രാജ് ആക്ടിന്റെ നഗ്‌നമായ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി മദ്യം സൂക്ഷിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കണം. സിപിഎം, എക്‌സൈസ്, പൊലീസ് കൂട്ടുകെട്ട് നഗ്‌നമായ അഴിമതിയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരമായി പ്രാഥമികാന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യാറാവണം. ഈ ആവശ്യമുന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്ന് അനില്‍ അക്കര പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.