രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മദ്യ വിതരണം പുനരാരംഭിക്കാനായി അവതരിപ്പിച്ച ബെവ് ക്യൂ ആപ്പ് കാരണം കേരളത്തില്‍ വിവാദങ്ങള്‍ നുരഞ്ഞുപൊന്തി. കോവിഡ്-19 വാര്‍ത്തകള്‍ക്കൊരു ഇടവേള നല്കി ബെവ് ക്യൂ വാര്‍ത്തകളില്‍ നിറഞ്ഞു.
സര്‍ക്കാര്‍ സാമൂഹിക അകലം പാലിച്ച് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയും മദ്യം വിതരണം ചെയ്യുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും അതിനായി കൊച്ചിയിലെ ഫെയര്‍കോഡ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പിനെ തെരഞ്ഞെടുത്തതു മുതല്‍ വിവാദത്തിന് തുടക്കമായി.
നുരഞ്ഞു പൊങ്ങി വിവാദങ്ങള്‍
കമ്പനിയുടമകള്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും കമ്പനിയെ തെരഞ്ഞെടുത്തതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ആരോപണങ്ങളുമായി മുന്നിലുണ്ടായിരുന്നു. ആപ്പ് നിര്‍മ്മാതാക്കളുടെ തെരഞ്ഞെടുപ്പില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
Read Also: ബെവ് ക്യൂ ആപ്പില്‍ ക്രമക്കേട്; ആരോപണവുമായി ചെന്നിത്തല
മദ്യ ഉപഭോക്താക്കളില്‍ നിന്നും 50 പൈസ വീതം വാങ്ങുന്നത് മൊബൈല്‍ ആപ്പ് നിര്‍മ്മാണ കമ്പനിക്ക് നല്‍കാനാണെന്ന ആരോപണവുമുണ്ടായി. എന്നാല്‍, 50 പൈസ ബിവറേജസ് കോര്‍പറേഷനാണ് ലഭിക്കുന്നതെന്നും ഒരാളില്‍ നിന്നും 15 പൈസ വീതം കമ്പനിക്ക് കൈമാറുമെന്നും എക്സ്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് ബെവ് ക്യൂ ആപ്പ് പ്രഖ്യാപനത്തിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തലവേദനയായി സാങ്കേതിക പ്രശ്നങ്ങള്‍
ആപ്പ് ഉപയോഗിച്ച് ടോക്കണ്‍ എടുക്കുന്നതിന് ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒടിപി എസ് എം എസ് അയക്കുന്നതിനുള്ള ചെലവായിട്ടാണ് ഈ തുക കൈമാറുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ആ വിവാദം അവിടെ അവസാനിച്ചുവെങ്കിലും ബുധനാഴ്ച രാത്രിയോടെ ആപ്പ് ഗൂഗിള്‍ പ്ലേയില്‍ എത്തിയെങ്കിലും അത് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഒടിപി എസ് എം എസായി ലഭിക്കുന്നില്ലെന്ന പ്രശ്നമുദിച്ചു.
ടോക്കണ്‍ ബുക്ക് ചെയ്യുമ്പോള്‍ ആപ്പില്‍ നിന്നും ജനറേറ്റ് ചെയ്ത് എസ് എം എസായി ലഭിക്കുന്ന ഒടിപി നല്‍കുന്നതിനായി അഞ്ച് മിനിട്ടാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ അഞ്ച് മിനിട്ടു കഴിഞ്ഞും ഒടിപിയെത്തിയില്ല. ബള്‍ക്ക് എസ് എം എസ് എത്തിക്കാനായി കമ്പനി ആശ്രയിച്ച സേവനദാതാവിന്റെ ഭാഗത്തെ വീഴ്ചയെന്ന് ഫെയര്‍കോഡ് വിശദീകരിച്ചു. എങ്കിലും തുടര്‍ച്ചയായി രണ്ട് ദിവസത്തോളം ഒടിപി പ്രശ്നം തുടര്‍ന്നു. ഉപഭോക്താവിന് മദ്യം വാങ്ങുന്നതിന് ടോക്കണ്‍ ലഭിക്കാതെ വന്നു. ഒടുവില്‍ സേവനദാതാക്കളുടെ എണ്ണം മൂന്നായി വര്‍ദ്ധിപ്പിച്ചു.
Read Also: പനിയുണ്ടെങ്കിൽ മദ്യമില്ല; ബെവ് ക്യൂവിൽ ബുക്കിങ് നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആദ്യ ദിനം ടോക്കണ്‍ കിട്ടിയവര്‍ അതുമായി ഔട്ട്ലെറ്റുകളില് എത്തിയപ്പോള്‍ അവിടെ വില കുറഞ്ഞ മദ്യം ലഭിക്കാത്തതും പ്രശ്നം സൃഷ്ടിച്ചു. ടോക്കണ്‍ റീഡ് ചെയ്യുന്നതിലുണ്ടായി സാങ്കേതിക ബുദ്ധിമുട്ടുകള്‍ മൂലം ടോക്കണ്‍ നമ്പരും മറ്റുവിവരങ്ങളും എഴുതിയെടുത്ത് മദ്യം വിതരണം ചെയ്തു തുടങ്ങി. അത് മൂലം രണ്ട് മിനിട്ടുകള്‍ കൊണ്ട് മദ്യം ലഭിക്കേണ്ടവര്‍ കൂടുതല്‍ നേരം കാത്ത് നില്‍ക്കേണ്ടി വന്നു. അത് ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മുന്നില്‍ നീണ്ട വരികള്‍ സൃഷ്ടിച്ചു. സാമൂഹിക അകലം പാലിക്കാനാകാതെയും വന്നു.
ബാറുകള്‍ ടോക്കണ്‍ ഇല്ലാതെ മദ്യം വില്പന നടത്താനും ആരംഭിച്ചു. രണ്ട് മാസത്തോളം മദ്യം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ മദ്യ വിതരണം പുനരാരംഭിച്ചപ്പോള്‍ അനവധി ആളുകള്‍ ഒരേ സമയം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടോക്കണ്‍ എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആപ്പിന്റെ പ്രവര്‍ത്തനം താറുമാറായി. ലോഡ് ടെസ്റ്റ് നടത്തിയശേഷമാണ് ആപ്പ് പുറത്ത് വിടുന്നതെന്ന് കമ്പനി പറഞ്ഞിരുന്നു.
ആപ്പിന് ഗൂഗിള്‍ അനുമതി നല്കിയപ്പോള് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയെ സ്നേഹം കൊണ്ട് പൊതിഞ്ഞ മലയാളികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ വന്നപ്പോള്‍ ആപ്പൊരു പൊല്ലാപ്പായിയെന്ന് പറഞ്ഞ് ബെവ് ക്യൂവിന്റെ പ്ലേ സ്റ്റോര്‍ ലിങ്കില്‍ കമന്റിടാനും റേറ്റിങ്ങ് ഏറ്റവും കുറഞ്ഞ ഒന്ന് നല്‍കാനും മടിച്ചില്ല.
മറ്റു സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്ന സ്വിഗ്ഗിയും സൊമാറ്റോയും വീടുകളില്‍ മദ്യമെത്തിച്ചു നല്‍കുന്നുണ്ട്. അപ്പോഴാണ് കേരളത്തില്‍ ടോക്കണ്‍ എടുത്ത് മദ്യ ഉപഭോക്താവ് മദ്യം വാങ്ങാന്‍ ഔട്ട്ലെറ്റുകളില് എത്തുന്നത്.
ആപ്പിന്റെ പ്രവര്‍ത്തനം ഇങ്ങനെ
ഉപഭോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബവ് ക്യൂ ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത ശേഷം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കണം. ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനായി മൊബൈല്‍ നമ്പരിലേക്ക് വന്ന ഒടിപി ഉപയോഗിക്കണം. മദ്യം, ബിയര്‍, വൈന്‍ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കണം. തുടര്‍ന്ന് ടൈം സ്ലോട്ട് ബുക്ക് ചെയ്യുമ്പോള്‍ ക്യുആര്‍ കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്ലെറ്റിന്റെ വിശദാംശം, സമയം, ക്യു നമ്പര്‍ എന്നിവ അടങ്ങിയ ടോക്കണ്‍ ലഭിക്കും. അതില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ടോക്കണുള്ള ഫോണുമായി ഔട്ട്ലെറ്റില് എത്തണം.
Read Also: ഓൺലെെൻ മദ്യവിതരണം: ഒരിക്കൽ വാങ്ങിയാൽ പിന്നെ എത്രനാൾ കാത്തിരിക്കണം?
ഒരു ദിവസം ആപ്പിലൂടെ 4.64 ലക്ഷം ടോക്കണുകളാണ് നല്‍കുന്നത്. ഇതിനായി നിരവധി പേര് ഒരേ സമയം ശ്രമിക്കുമ്പോള്‍ നറുക്കെടുപ്പ് പോലെ റാന്‍ഡം ആയിട്ടാണ് ഉപഭോക്താവിനെ തെരഞ്ഞെടുക്കുന്നത്. അതുപോലെയാണ് ഔട്ട്ലെറ്റുകളും ബാറുകളും ലഭിക്കും.
ഒടിപി കിട്ടി, വീടിനടുത്തെ ഔട്ട്ലെറ്റില് നിന്ന് എന്ന് കിട്ടും
ആപ്പിറങ്ങി മൂന്നാം ദിനം ഒടിപിയുടെ പ്രശ്നങ്ങള്‍ അവസാനിച്ച് ടോക്കണ്‍ വിതരണം സുഗമമായിയെങ്കിലും നിലനില്‍ക്കുന്ന പ്രശ്നം ഉപഭോക്താവിന്റെ വീടും മദ്യം വാങ്ങേണ്ട ഔട്ട്ലെറ്റും തമ്മിലെ ദൂരമാണ്. പലര്‍ക്കും വീടിനടുത്ത് ഔട്ട്ലെറ്റ് ഉണ്ടായിട്ടും 20 കിലോമീറ്റര്‍ അകലെയുള്ള ബാറിലേക്കാണ് ടോക്കണ്‍ ലഭിക്കുന്നത്.
Read Also: സ്മാര്‍ട്ട്ഫോണിലൂടെ ബെവ് ക്യൂ ആപ്പില്‍ നിന്നും ടോക്കണ്‍ എടുക്കുന്നവിധം
അതിന് കാരണമായി കമ്പനി പറയുന്നത് ഉപഭോക്താക്കളെ എല്ലാ ഔട്ട്ലെറ്റുകള്‍ക്കും ബാറുകള്‍ക്കും വീതം വച്ചു നല്‍കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുള്ളതു കൊണ്ടാണെന്നാണ്. സമീപത്തെ ഔട്ട്ലെറ്റില് അനുവദിക്കാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കഴിയുമ്പോഴാണ് ദൂരെയുള്ളയിടത്തേക്ക് ടോക്കണ്‍ നല്‍കുന്നത്. ഒരു ദിവസത്തെ ജോലി മാറ്റിവച്ച് മദ്യം വാങ്ങാന്‍ പോകേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.
തള്ളാതെ ആപ്പിലുറച്ച് സര്‍ക്കാര്‍
മദ്യ വിതരണം സങ്കീര്ണമായപ്പോള് എക്സ്സൈസ് മന്ത്രി ബെവ്കോ, എക്സ്സൈസ്, കമ്പനി അധികൃതരുടെ യോഗം വിളിച്ചിരുന്നു. ആപ്പിനെ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ പരന്നുവെങ്കിലും അതുണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം തുടരാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. അപ്പോഴേക്കും മൂന്നാം ദിനം അവസാനിച്ചിരുന്നു. മെയ് 31, ജൂണ്‍ 1 ദിവസങ്ങളില്‍ മദ്യ വിതരണം ഇല്ല. മെയ് 31 ഞായറായതും എല്ലാ മാസവും ഒന്നാം തിയതി മദ്യ വിതരണം ഇല്ലാത്തതിനാല്‍ ജൂണ്‍ ഒന്നിനും അവധിയായി.
Read Also: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു
ഇത് ആശ്വാസമായത് ബെവ് ക്യൂ ആപ്പ് നിര്‍മ്മാതാക്കള്‍ക്കാണ്. മൂന്ന് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാനും കിട്ടുന്ന അവസരം കൂടിയാണിത്. മൂന്നാം ദിനം ആപ്പ് വീണ്ടുമെത്തുമ്പോള്‍ പ്രശ്നരഹിതമായിക്കും സംസ്ഥാനത്തെ മദ്യവിതരണം എന്നാണ് ഏവരുടേയും പ്രതീക്ഷ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.