തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിലേക്ക് കൂടുതൽ വിദേശമദ്യ ബ്രാന്റുകൾ ഉടനെത്തും. ഇതിനായുളള വിലവിവരപ്പട്ടിക തയ്യാറായി. 17 കമ്പനികളുടെ 147 ഇനം മദ്യ ഉൽപ്പന്നങ്ങളാണ് പുതിയതായി എത്തുന്നത്. 550 രൂപ വിലയുളള വൈറ്റ് വൈൻ മുതൽ അരലക്ഷത്തിലേറെ രൂപ വിലയുളള ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കി വരെ കൂട്ടത്തിലുണ്ട്.
നാളെ മുതൽ വിൽക്കാൻ അനുമതിയുണ്ടെങ്കിലും സാധനം കടകളിലേക്ക് എത്താൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളിലും ഇവ ലഭ്യമാക്കാനാണ് ബിവറേജസ് കോർപ്പറേഷന്റെ ശ്രമം. എന്നാൽ വരുന്ന ലോഡുകളുടെ എണ്ണം അനുസരിച്ച് മാത്രമേ ഇക്കാര്യം തീരുമാനിക്കാനാവൂ. അല്ലെങ്കിൽ പ്രീമിയം ഔട്ട്ലെറ്റുകളിൽ മാത്രമായിരിക്കും വിൽപ്പന.
ഒരു ലിറ്റർ, 750 മില്ലിലിറ്റർ, 500 മില്ലി ലിറ്റർ,200 മില്ലി ലിറ്റർ എന്നീ നാല് അളവുകളിലാണ് മദ്യ ഉൽപ്പന്നങ്ങൾ എത്തുക. ജോണി വാക്കറിന്റെ റെഡ് ലേബൽ വിസ്കി മാത്രം 375 മില്ലി വാങ്ങാം. ഷിവാസ് റീഗൽ, അബ്സല്യൂട് വോഡ്ക, ജാക് ഡാനിയൽസ്, ബാലന്റൈൻസ് തുടങ്ങിയവ പിന്നീടെത്തുമെന്നാണ് വിവരം.
ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കി (700 മി.ലീ.) – 57,510 രൂപ, ജോണി വാക്കർ ബ്ലൂ ലേബൽ വിസ്കി (750 മി.ലീ – 20,310 രൂപ), ബ്ലാക് ലേബൽ (750 മി.ലി.) – 4,000 രൂപ., ഡബിൾ ബ്ലാക് (750 മി.ലീ.) – 4,720 രൂപ, ഗോൾഡ് ലേബൽ (750 മി.ലീ.) – 6,110 രൂപ, റെഡ് ലേബൽ (750 മി.ലീ.) 1,950 രൂപ, റെമി മാർട്ടിൻ ഫൈൻ ഷാംപെയ്ൻ കോനിയാക് വിഎസ്ഒപി (700 മി.ലീ.) – 8,220 രൂപ, ഡീവാർസ് സ്കോച്ച് വിസ്കി (750 മി.ലീ) – 4,310 രൂപ, ഫ്രാങ്കോയിസ് മാർട്ടിൻ കോനിയാക് (700 മി.ലീ.) 5,480 രൂപ, ഗ്രേ ഗൂസ് വോഡ്ക (750 മി.ലീ.) – 4,510 രൂപ തുടങ്ങിയ ബ്രാന്റുകളാണ് ആദ്യഘട്ടത്തിൽ എത്തുക.