കൊച്ചി: സംസ്ഥാനത്ത് മദ്യവിൽപ്പന പ്രതിസന്ധിയിലായിരിക്കെ ഇത് മറികടക്കാൻ പുതിയ വഴികൾ ബിവറേജസ് കോർപ്പറേഷൻ തേടി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജസസ് കോർപ്പറേഷനുകളുടെ പ്രവർത്തന സമയം പന്ത്രണ്ട് മണിക്കൂറാക്കി.

ഇനി മുതൽ രാവിലെ 9.30 യ്ക്ക് തുറക്കുന്ന ഔട്ട്ലെറ്റുകൾ രാത്രി 9.30 വരെ പ്രവർത്തിക്കും. ഇപ്പോൾ രാവിലെ പത്ത് മണിക്കാണ് ഔട്ട്ലെറ്റുകൾ തുറക്കുന്നത്. വൈകിട്ട് ഒൻപതിന് അടയ്ക്കുകയും ചെയ്യും. പുതിയ സമയക്രമം അനുസരിച്ച് ഒരു മണിക്കൂർ കൂടി ജീവനക്കാർ അധികജോലി ചെയ്യേണ്ടി വരും.

ദേശീയ – സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ബെവ്കോ പ്രതിസന്ധിയിലായത്. ഇതോടെ സംസ്ഥാനത്ത് കള്ളു ഷാപ്പുകളടക്കം 1956 മദ്യശാലകൾ എക്സൈസ് വകുപ്പ് പൂട്ടി സീൽ വച്ചിരുന്നു.

ബെവ്കോയുടെ 120 മദ്യശാലകളാണ് പുതിയ ഉത്തരവ് പ്രകാരം പൂട്ടിയത്. ഇതിൽ 1200 ജീവനക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ ജീവനക്കാരെ മറ്റ് ബെവ്കോ ഔട്ട്ലെറ്റുകളിൽ നിയമിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതിനെ തുടർന്ന് ശേഷിച്ചവയിൽ തിരക്ക് അധികമായ സാഹചര്യത്തിലാണ് ബിവറേജസ് കോർപ്പറേഷൻ പുതിയ ഉത്തരവിറക്കിയത്.

കൺസ്യൂമർ ഫെഡിന്റെ 87 മദ്യവിൽപ്പന ശാലകളും, 586 ബിയർ വൈൻ പാർലറുകളും പൂട്ടിയവയിൽ പെടുന്നു. 11 പഞ്ചനക്ഷത്രരം ബാറുകൾ, മദ്യവിതരണത്തിന് അനുമതിയുള്ള 18 ക്ലബുകൾ, 1132 കളളുഷാപ്പുകൾ എന്നിങ്ങനെയാണ് പൂട്ടിയ മറ്റുള്ള സ്ഥാപനങ്ങളുടെ എണ്ണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.