തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുളള ബെവ് ക്യൂ മൊബൈൽ ആപ് ഇന്നു മുതൽ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. ട്രയൽ തുടങ്ങിയിട്ടുണ്ട്. ആപ് ഉപയോഗ രീതി സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കും. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെ മദ്യ വിൽപ്പന നാളെ തുടങ്ങാനാണ് മന്ത്രിസഭാ തീരുമാനം.

എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്നു വൈകീട്ട് 3.30 ന് മാധ്യമങ്ങളെ കാണുന്നുണ്ട്. മദ്യ വിൽപ്പന സംബന്ധിച്ച ഔദ്യോഗിക തീരുമാനം വാർത്താസമ്മളനത്തിൽ മന്ത്രി അറിയിച്ചേക്കും. ബീറ്റാ വെര്‍ഷന്റെ പരീക്ഷണം വിജയകരമാണെന്നും മന്ത്രിയുടെ പ്രഖ്യാപനം വന്നത് ഒരു മണിക്കൂറിനുള്ളില്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് സിടിഒ രജിത് രാമചന്ദ്രന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: മദ്യ വിൽപ്പന നാളെ മുതൽ; ബുക്കിങ് രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ

മദ്യവിതരണത്തിനുള്ള ഓൺലൈൻ ആപ്പാണ് ബെവ് ക്യൂ (Bev Q). ഉപഭോക്താക്കള്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. പേര്, പിൻകോഡ് എന്നിവയും നൽകണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം, ബീയർ/വൈൻ എന്നിവ വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. റജിസ്റ്റർ ചെയ്‌തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണിൽ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്‌ലെറ്റ് തിര‍ഞ്ഞെടുക്കുന്നതോടെ എത്തേണ്ട സമയവും ക്യുആര്‍ കോഡും ഫോണിൽ ലഭിക്കും. ടോക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. മദ്യം വാങ്ങാനെത്തുമ്പോൾ ഫോണിലെ ക്യുആർ കോഡ് ജീവനക്കാർ സ്കാൻ ചെയ്യും.

Read Also: ബെവ് ക്യു ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതിന് കാരണം ഇതാണ്‌

സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. എന്ന ഫോർമാറ്റിൽ ബവ്കോയുടെ പ്രത്യേക നമ്പറിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. മദ്യമെങ്കിൽ BL എന്നും വൈൻ എങ്കിൽ BW എന്നും ഉപയോഗിക്കണം. VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് തിരികെ എസ്എംഎസ് ആയി ടോക്കൺ ലഭിക്കും. മദ്യശാല, എത്തേണ്ട സമയം തുടങ്ങിയവ ഇതിലുണ്ടാകും. എസ്എംഎസ് ജീവനക്കാരെ കാണിച്ചശേഷം മദ്യം വാങ്ങാം. എസ്എംഎസ് അയയ്ക്കേണ്ട നമ്പർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read Also: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു

ഓൺലൈൻ ക്യൂ വഴിയുള്ള മദ്യവിതരണത്തിനായി സർക്കാർ മാർഗനിർദേശമിറക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവിതരണം നടക്കുക. ഒരു തവണ മദ്യം വാങ്ങിയാൽ 4 ദിവസം കഴിഞ്ഞേ വീണ്ടും ടോക്കൺ ലഭിക്കൂ. പരമാവധി 3 ലിറ്റർ വാങ്ങാം.

Read Also: ‘താങ്ക് യൂ സുന്ദരേട്ടാ’; ഗൂഗിളിനെ സ്നേഹംകൊണ്ട് മൂടി മലയാളികൾ

അതേസമയം, ആപ്പിന്റെ അന്തിമ വെര്‍ഷന്‍ പ്ലേ സ്റ്റോറില്‍ ഇടുന്നതിന് മുമ്പ് ബീറ്റാ വെര്‍ഷന്‍ പരീക്ഷണത്തിനായി പ്ലേ സ്റ്റോറിലെ ഇട്ടതിന്റെ ലിങ്ക് കമ്പനിയില്‍ നിന്നും ചോര്‍ന്നു. ചൊവ്വാഴ്ചയാണ് ഈ ലിങ്ക് ചോര്‍ന്നത്. ഈ ലിങ്കിലേക്ക് ഒരു മിനിട്ട് കൊണ്ട് 20,000 പേര്‍ എത്തിയെന്ന് കമ്പനിയുടെ രജിത് പറഞ്ഞു. പതിനായിരത്തോളം പേര്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആപ്പിന്റെ വിവിധ സുരക്ഷാ പരിശോധകള്‍ നടത്തുന്നതിന് 70 പേരടങ്ങുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നുവെന്നും ഈ ഗ്രൂപ്പില്‍ നിന്നുമാണ് ലിങ്ക് ചോര്‍ന്നതെന്നും രജിത് പറഞ്ഞു. ലീക്ക് മനസ്സിലായപ്പോള്‍ തന്നെ അത് ബ്ലോക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ബെവ് ക്യു ആപ്പിനുവേണ്ടി കാത്തിരുന്ന് ലിങ്ക് കിട്ടിയപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുത്തവര്‍ നിരാശരാകും. കാരണം, ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുമ്പോള്‍ ഇപ്പോള്‍ ടോക്കണ്‍ ലഭിച്ചവരുടെ വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുമെന്ന് രജിത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.