തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ മദ്യ വില്‍പന പുനരാരംഭിക്കുന്നതിനായി എക്‌സൈസ് വകുപ്പ് അവതരിപ്പിക്കുന്ന ബെവ് ക്യു ആപ്പ് ഇനിയും വൈകുമെന്ന് ഉറപ്പായി. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി വൈകുന്നതിനാലാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

‘ബവ് ക്യൂ (Bev Q)’ എന്നാണ് ആപ്പിനു പേരിട്ടിരിക്കുന്നത്. എക്‌സൈസ് അധികൃതരാണ് പേര് നൽകിയത്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിനാലാണ് പുതിയ പേര് നൽകിയതെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.

Read Also: കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം ആസ്ഥാനമായ ഫെയര്‍കോഡ് ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട്അപ്പ് ആണ്‌‌ മദ്യവിൽപ്പനയ്‌ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ് തയ്യാറാക്കിയത്. അതേസമയം, ആപ്പ് എന്ന് ലോഞ്ച് ചെയ്യുമെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും സര്‍ക്കാരാണ് ഫെയര്‍കോഡ് ടെക്‌നോളജീസ് ഡയറക്ടറായ നവീന്‍ ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. ആപ്പ് വഴി ബുക്ക് ചെയ്ത് മദ്യം വാങ്ങാന്‍ എത്തുന്ന ഓരോരുത്തരില്‍ നിന്നും ബെവ്‌കോ 50 പൈസ വച്ച് വാങ്ങി ഡെവലപ്പര്‍മാര്‍ക്ക് നല്‍കുമെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളില്‍ നിന്നും 50 പൈസ വച്ച് ഈടാക്കി കമ്പനിക്ക് നല്‍കിയാല്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം കമ്പനിക്ക് ലഭിക്കുമെന്ന് ആരോപണമുണ്ട്. ഇത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തു.

അഴിമതിയെപ്പറ്റി അന്വേഷിക്കാന്‍ എക്‌സ്സൈസ് മന്ത്രി തയ്യാറാകണമെന്നും 10 രൂപ ചെലവുള്ള ആപ്പില്‍ നിന്ന് കമ്പനിക്ക് പ്രതിമാം മൂന്ന് കോടി രൂപ വരുമാനം ലഭിക്കുമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ അഴിമതിയാരോപണം എക്‌സ്സൈസ് വകുപ്പ് തള്ളി. അതേസമയം, തുക എക്‌സ്സൈസ് വകുപ്പിന് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതിയേക്കാള്‍ ഗൗരവമായ മറ്റ് സുരക്ഷാ പരിശോധനകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഈ ആപ്പിനോടുള്ള ജനങ്ങളുടെ താല്‍പര്യം തങ്ങള്‍ക്ക് അറിയാമെന്നും അതിനാല്‍ 20 പേരടങ്ങിയ സംഘം കഴിഞ്ഞ ശനിയാഴ്ച മുതല്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും നവീന്‍ പറഞ്ഞു. “ആദ്യ പ്രോട്ടോടൈപ്പ് തിങ്കളാഴ്ച തയ്യാറായി. തുടര്‍ന്ന് സര്‍ക്കാരിന് കൈമാറുകയും എക്‌സൈസ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങിയ തലത്തിലെ പരിശോധനകളെ തുടര്‍ന്ന് വരുത്തേണ്ട മാറ്റങ്ങള്‍ അറിയിച്ചു. അത് ചെയ്തു,” ഗൂഗിളിന്റെ അനുമതി ലഭിക്കുന്നത് ഈ ആപ്പിനെ സംബന്ധിച്ച് ചെറിയൊരു കാര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ധാരാളം പേര്‍ ഒരേ സമയം എത്തിയാല്‍ ആപ്പ് തകര്‍ന്നു പോകാതിരിക്കാനുള്ള ലോഡ് ടെസ്റ്റ് ചെയ്യുന്നുണ്ട്. ഹാക്കര്‍മാരില്‍ നിന്നും രക്ഷിക്കുന്നതുള്ള സുരക്ഷാ പരിശോധനകളും നടത്തുന്നുണ്ട്. ഈ ആപ്പ് ഫോണ്‍ നമ്പര്‍ മാത്രമാണ് ഡാറ്റയായി സ്വീകരിക്കുന്നത്. ആപ്പ് ഹോസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ സര്‍വറിലാണെന്നും ഡാറ്റ ചോര്‍ച്ച ഉണ്ടാകില്ലെന്നും നവീന്‍ പറഞ്ഞു.

തങ്ങളുടെ ടീമിനൊപ്പം എക്‌സ്സൈസ്, സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, തുടങ്ങിയവയില്‍ നിന്നും നാല്‍പതോളം പേരും ഈ ആപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നവീന്‍ പറഞ്ഞു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങുമ്പോള്‍ മൊബൈല്‍ ഉടമ ഒരു സമ്മത പത്രം അംഗീകരിക്കണം. താന്‍ 21 വയസ്സ് കഴിഞ്ഞയാളാണെന്ന് സത്യവാങ്മൂലം നല്‍കുകയാണ് ഇതിലൂടെ.

Read Also: കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്തശേഷം ആദ്യം ജില്ല തിരഞ്ഞെടുക്കണം. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പിൻകോഡ് നൽകിയാൽ അടുത്തുള്ള ബാറുകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പട്ടിക ലഭിക്കുകയും വേണ്ട കട തിരഞ്ഞെടുക്കുകയും ചെയ്യാം. ഓരോ ഔട്ട്‌ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടും ഉണ്ടാകും.

ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ക്കൊപ്പം എസ് എം എസ് സംവിധാനം വഴിയും മദ്യം വാങ്ങുന്നതിനുള്ള സമയം തീരുമാനിക്കാന്‍ കഴിയും. ഒരിക്കല്‍ ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ അത് എഡിറ്റ് ചെയ്യാന്‍ ആകില്ല.

മദ്യം വാങ്ങാൻ താൽപ്പര്യമുള്ള സമയം തിരഞ്ഞെടുത്താൽ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ വിശദാംശം ലഭിക്കും. ഇതിൽ ഒരു ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്താൽ ക്യു ആർ കോഡ് അല്ലെങ്കിൽ ടോക്കൺ നമ്പർ ലഭിക്കും. നൽകുന്ന പിൻകോഡിന്റെ പരിധിയിൽ ഔട്ട്‌ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം. അനുവദിച്ച സമയത്ത് ഔട്ട്‌ലെറ്റിൽ എത്താനായില്ലെങ്കിലും വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.

Read Also: ‘മലയാളത്തിന്റെ സൂപ്പർ താരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നത്’

സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ സ്വന്തമാക്കാം. പിൻകോഡ് അടക്കമുള്ള വിശദംശങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാൽ ടോക്കൺ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കും.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.