തിരുവനന്തപുരം: ലോക്ക്ഡൗൺ മൂലം നിർത്തലാക്കിയിരുന്ന മദ്യവിൽപ്പന കേരളത്തിൽ പുനഃരാരംഭിച്ചു. ബെവ് ക്യൂ എന്ന ആപ്ലിക്കേഷനിലൂടെ വെർച്വൽ ക്യൂ വഴിയാണ് കേരളത്തിൽ മദ്യവിൽപ്പന തുടങ്ങിയത്. ഇന്നലെ രാത്രി തന്നെ ആപ്ലിക്കേഷൻ നിലവിൽ വരികയും ടോക്കൺ വിതരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പും ശേഷവും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആപ്ലിക്കേഷൻ വഴി ബുക്കിങ്
പ്ലേ സ്റ്റോറിൽ നിന്ന് (//play.google.com/store/apps/details?id=com.ksbcvirtualq) ബെവ് ക്യൂ ആപ് ഡൗൺലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. നിങ്ങളുടെ ഇഷ്ടാനുസരണം മദ്യം ബിയർ/വൈന്‍ തിരഞ്ഞെടുത്ത ശേഷം ടൈം സ്‌ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തുക. ബുക്കിങ് വിജയകരമായാല്‍ QR കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്‌ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീനില്‍ കാണുവാന്‍ കഴിയും. ലഭിച്ച ടോക്കണ്‍ സഹിതം ഫോണുമായി എത്തിയാല്‍ ഔട്ട്‌ലെറ്റിലെ വരിയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാം.
എസ്എംഎസ് വഴി ബുക്കിങ് ചെയ്യാം
ഫീച്ചര്‍ ഫോണ്‍ വഴി എസ്എംഎസ് സംവിധാനത്തിലൂടെ താഴെ പറയും പ്രകാരം ചെയ്യുക.
മദ്യം (Liquor) ആവശ്യമുളളവര്‍ <BL><Space><Pincode><Space><Name> എന്ന ഫോര്‍മാറ്റും ബിയര്‍ /വൈന്‍ (Beer and Wine) ആവശ്യമുളളവര്‍ <BW><Space>><Pincode><Space><Name> എന്ന ഫോര്‍മാറ്റും ടൈപ്പ് ചെയ്ത ശേഷം 8943389433 എന്ന നമ്പറിലേക്ക് അയയ്ക്കുക.
SMS ന് മറുപടിയായി BEVCOQ എന്ന സെന്റര്‍ ഐഡിയില്‍ നിന്നും നിങ്ങളുടെ ഫോണിലേയ്ക്ക് ബുക്കിങ് ഉറപ്പുവരുത്തുന്ന മെസേജ് വരുന്നതായിരിക്കും. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് എത്തിച്ചേര്‍ന്ന് വരിയില്‍ സ്ഥാനം ഉറപ്പിക്കാവുന്നതാണ്.
Also Read: മദ്യവിൽപ്പന ഇന്ന് മുതൽ; മിനിറ്റുകൾക്കകം ബെവ് ക്യൂ ആപ് ഡൗൺലോഡ് ചെയ്ത് ആയിരങ്ങൾ
തിരിച്ചറിയൽ കാർഡ് നിർബന്ധം
മദ്യം വാങ്ങാനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതണം. വോട്ടേഴ്‌സ് ഐഡി., ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയാണ് അംഗീകൃത രേഖകൾ.
ആരോഗ്യ വകുപ്പിന്റെ പ്രൊട്ടോക്കോളുകളും നിർദേശങ്ങളും കർശനമായി പലിക്കണം
കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള പ്രൊട്ടോക്കോളുകളും നിർദേശങ്ങളും മദ്യം വാങ്ങാൻ വരുന്നയാളുകൾ കർശനമായി പാലിച്ചിരിക്കണം. മാസ്ക് ധരിച്ചിരിക്കണം. ജീവനക്കാർക്കും ഇത് ബാധകമാണ്. കൈകഴുകാൻ വെള്ളവും സോപ്പും ഉണ്ടാകും. സാനിറ്റൈസർ നൽകുന്നതും പരിഗണനയിലുണ്ടെന്ന് എക്സൈസ് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
പനിയുണ്ടെങ്കിൽ മദ്യമില്ല
പനിയുള്ളവർക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽനിന്ന് മദ്യം ലഭിക്കില്ല. മദ്യവിൽപ്പന കേന്ദ്രങ്ങളിലെല്ലാം തെർമൽ സ്‌കാനറുകൾ ഉണ്ടാകും. പരിശോധിച്ചശേഷമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലാണെങ്കിൽ മടക്കി അയയ്ക്കും. ജീവനക്കാരുടെ ശരീരോഷ്മാവും ദിവസം രണ്ടുതവണ പരിശോധിക്കും.
Also Read: കാത്തിരിപ്പിനൊടുവിൽ ‘ബെവ്ക്യു’ ആപ്പ് പുറത്തിറങ്ങി: പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
ബാറുകളിലിരുന്ന് മദ്യപിക്കാൻ അനുവാദമില്ല
ഉപഭോക്താക്കള്‍ക്ക് ബെവ് ക്യൂ ആപ് വഴി മദ്യം വാങ്ങുന്നതിനുള്ള സമയം റിസര്‍വ് ചെയ്ത് സംസ്ഥാനത്തെ 301 ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴിയും 576 ബാറുകൾ വഴിയും മദ്യം വാങ്ങാൻ സാധിക്കും. മദ്യം വിതരണം ചെയ്യുമെങ്കിലും ബാർ ഹോട്ടലുകളിലിരുന്ന് കഴിക്കുന്നതിന് അനുവാദമില്ല. ബാറുകളിൽ പ്രത്യേകം കൗണ്ടർ വഴിയാണ് പാഴ്‌സല്‍ നല്‍കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ 291 ബിയർ വൈൻ പാർലറുകളിലൂടെ ബിയറും വൈനും പാഴ്സലായി നല്‍കും.
ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യാം
നിലവിലെ ചട്ടം അനുസരിച്ച് ഒരാൾ ഒരു തവണ ബുക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നെ നാല് ദിവസത്തേക്ക് മദ്യം വാങ്ങുന്നതിന് ബുക്കിങ് സാധിക്കില്ല. എന്നാൽ ഒരാൾക്ക് ഒന്നിൽക്കൂടുതൽ മൊബൈൽ ഫോണുകൾ ഉണ്ടെങ്കിൽ അതിൽനിന്നെല്ലാം ബുക്ക് ചെയ്യാനാകും. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും എസ്എംഎസ് അയയ്ക്കുമ്പോഴും ഉപഭോക്താവിന്റെ നമ്പർ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടും.
ടോക്കണില്ലാതെ പ്രവേശനമില്ല
ബിവറേജസ് ഔട്ട്‌ലെറ്റിന്റേയും ബാറിന്റേയും മുന്നിലെ ക്യൂവില്‍ ഒരേ സമയം അഞ്ച് ആളുകൾ മാത്രമേ പാടുളളൂ. ടോക്കണ്‍ ഇല്ലാത്തവര്‍ മദ്യം വാങ്ങാനെത്തരുതെന്നാണ് നിർദേശം. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിലെത്തിയാൽ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
കൃത്യസമയം പാലിക്കണം
മദ്യം വാങ്ങാൻ ഇനി കൃത്യസമയം പാലിക്കണം. ടോക്കണിൽ നൽകിയിട്ടുള്ള സമയത്തുതന്നെ എത്തണം. വൈകി വരുന്നവർക്ക് മദ്യം ലഭിക്കില്ല. അടുത്ത ബുക്കിങ് വേണ്ടിവരും. നാലുദിവസം കഴിഞ്ഞുമാത്രമേ വീണ്ടും മദ്യം വാങ്ങാൻ കഴിയൂ. ടോക്കൺ ഇല്ലാത്തവർക്ക് മദ്യം നൽകില്ല.