തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്കായുള്ള ഓൺലൈൻ ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെ ഏതാനും ദിവസങ്ങളായുള്ള അനിശ്ചിതത്വത്തിനു അവസാനമായി. നാളെയൊ മറ്റന്നാളോ മദ്യവിൽപ്പന തുടങ്ങിയേക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചെങ്കിലും രണ്ട് കടമ്പകളാണ് ഇനി ആപ്പിന് മുന്നിലുള്ളത്. ഉപഭോക്താക്കളുടെ വിവരം ചോർന്നു പോകാതിരിക്കാനായുള്ള ഹാക്കിങ് ടെസ്റ്റും ഒരേ സമയം ലക്ഷകണക്കിന് ആളുകൾ പ്രവേശിക്കുമ്പോൾ ആപ്പ് ഹാങ്ങാകാതിരിക്കാനുള്ള ലോഡിങ് ടെസ്റ്റും നടത്തണം. ഇതു രണ്ടും ഒരേസമയം നടത്താൻ സാധിക്കുമെന്നാണ് ഫെയർകോഡ് ടെക്നോളജിസ് അറിയിച്ചിട്ടുള്ളത്. ഇത് രണ്ടും പൂർത്തിയാക്കി ഇന്ന് ഉച്ചകഴിയുന്നതോടെ ആപ്പ് പ്ലേ സ്റ്റോറിൽ എത്തും.
Read Also: ബെവ് ക്യു വൈകുന്നതിന് കാരണം ഗൂഗിള്‍ അല്ല
മദ്യവിതരണത്തിനുള്ള ഓൺലൈൻ ആപ്പിന്റെ പേര് ബെവ് ക്യൂ (Bev Q) എന്നാണ്. ഉപഭോക്താക്കള്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്കി കടകള്‍ തിരഞ്ഞെടുക്കാം. തുടർന്ന് മദ്യം വാങ്ങാനുള്ള സമയം തിരഞ്ഞെടുക്കണം. റജിസ്റ്റർ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണിൽ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലെറ്റ് തിരഞ്ഞെടുക്കുന്നതോടെ ടോക്കണോ ക്യൂആര്‍ കോഡോ ലഭിക്കും. റജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടോക്കണുമായി മദ്യവിതരണശാലയിലെത്തണം. ടോക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. ഇഷ്ടമുള്ള ബ്രാൻഡ് പണം നൽകി വാങ്ങാം.
ഓൺലൈൻ ക്യൂ വഴിയുള്ള മദ്യവിതരണത്തിനായി സർക്കാർ മാർഗനിർദേശമിറക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവിതരണം നടക്കുക. ഒരു ദിവസം വാങ്ങിയാല്‍ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ലഭിക്കുകയുള്ളൂ. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാം. അതിനുശേഷം നാല് ദിവസം കാത്തിരിക്കണം. നിസഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ് ക്യൂ ആപ്പുമായി കൈകോർക്കുക.