തിരുവനന്തപുരം: നാളെയ്‌ക്കുള്ള ബുക്കിങ് ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് ഫെയർകോഡ് ടെക്‌നോളജീസ്. ഇന്നു നേരിട്ട സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടെന്നും ബുക്കിങ് ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. എസ്എംഎസ് ബുക്കിങ് പ്രശ്‌നവും പരിഹരിച്ചു. നാളെയ്ക്കുളള ബുക്കിങ് ഉടന്‍ തുടങ്ങും. ഇന്ന് 15 ലക്ഷം പേര്‍ ആപ് രജിസ്റ്റര്‍ ചെയ്തെന്നും കമ്പനി അറിയിച്ചു.

ഇന്ന് രാവിലെ മുതൽ ബെവ് ക്യൂ ആപ്പിന് സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ആപ്പിൽ രജിസ്റ്റർ ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതോടെ നാളെയ്‌ക്കുള്ള ബുക്കിങ് മുടങ്ങുകയായിരുന്നു. ഇന്ന് രാത്രിയോടെ ആപ്പ് പഴയ നിലയിൽ ആകും. ബെവ് ക്യൂ ആപ്പിൽ കയറി ഇ-ടോക്കൺ സ്വന്തമാക്കാൻ സാധിക്കും.

ഒടിപി സേവനദാതാക്കളെ ലഭിക്കാത്തതാണ് സാങ്കേതിക പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഫെയർകോഡ് ടെക്‌നോളജീസ് നേരത്തെ അറിയിച്ചിരുന്നത്. ഒടിപി സോവനദാതാക്കളെ ഇപ്പോൾ കണ്ടെത്തിയെന്നും പ്രവർത്തനം കൂടുതൽ സുഗമമാക്കാൻ സാധിക്കുമെന്നുമാണ് ഫെയർകോഡ് ഇപ്പോൾ വ്യക്തമാക്കുന്നത്.

Read Also: കേരളത്തില്‍ രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ വേഗതയില്‍

അതേസമയം, ആദ്യദിവസത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് ‘ബെവ് ക്യൂ’ ആപ്പ് സർവ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് മദ്യവിൽപ്പന പുനരാരംഭിച്ചിരിക്കുന്നത്. ബെവ് ക്യൂ ആപ്പിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് എക്‌സെെസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ദിനത്തിൽ 2,25,000 പേരാണ് ഇ-ടോക്കൺ സ്വന്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നു നേരിട്ട പ്രശ്‌നങ്ങൾ

ബാറുകൾക്കു മുൻപിലും ബിവറേജസ് ഔട്ട്‌ലറ്റുകൾക്കും മുൻപിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. വെർച്വൽ ക്യു സിസ്റ്റം പൂർണമായി പരാജയപ്പെട്ടെതാണ് പ്രധാന കാരണം. ക്യു ആർ കാേഡ് ‌കൃത്യമായി സ്‌കാൻ ചെയ്യാൻ സാധിച്ചില്ല. പലയിടത്തും ബിൽ എഴുതിനൽകേണ്ട അവസ്ഥയായി.

Read Also: ഇതെന്തൂട്ട് ആപ്പാ; ‘ബെവ് ക്യൂ’വിനെതിരെ സർവത്ര പരാതി

ക്യു ആർ കോഡ് സ്‌കാൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു ബാറുടമ പറഞ്ഞത് ഇങ്ങനെ: “ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌ത് മദ്യം നൽകാൻ ഒരു മിനിറ്റേ വേണ്ടൂ, പരമാവധിയാണ് രണ്ട് മിനിറ്റ്. അതിലും കൂടുതൽ വേണ്ടിവരില്ല. ഇതിപ്പോൾ ബെവ് ക്യൂ ആപ്പ് വഴി ക്യു ആർ കോഡ് സ്‌കാൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. രാവിലെ മുതൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. മദ്യം വാങ്ങാനെത്തുന്ന ആളുടെ വിവരം എഴുതിയെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരാൾക്ക് മിനിമം ഏഴ് മിനിറ്റ് ചെലവാകുന്നു. അതുകൊണ്ടാണ് ഇത്രയും തിരക്ക്.”

ഇ-ടോക്കൺ ബുക്കിങ്ങിനെ കുറിച്ച് അറിയാതെ പലരും മദ്യവിൽപ്പനശാലകൾക്ക് മുൻപിൽ വരി നിന്നതും തിരക്ക് വർധിക്കാൻ കാരണമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.