തിരുവനന്തപുരം: ഏറെ അനിശ്ചിതത്വത്തിനൊടുവിൽ നിലവിൽ വന്ന ബെവ് ക്യൂ ആപ്പിനെതിരായ ഏറ്റവും പ്രധാന പരാതി മദ്യ ഉപഭോക്താക്കള്‍ക്ക് വളരെ അകലെയുള്ള സ്ഥലത്തേക്കാണു ടോക്കൺ ലഭിക്കുന്നതെന്നതായിരുന്നു. ഇതിനുകാരണം കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ (കെ എസ് ബി സി) ആവശ്യം അങ്ങനെയായതിനാലാണെന്നാണു ബെവ് ക്യൂ ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ രജിത് രാമചന്ദ്രന്‍ പറയുന്നത്.

കെ എസ് ബി സിയുടെ​ ആവശ്യപ്രകാരം 25 കിലോമീറ്റര്‍ പരിധിയിലെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം ലഭിക്കുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരുന്നത്. ഇതാണു പ്രശ്നങ്ങൾക്കിടയാക്കിയതെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും രജിത് പറഞ്ഞു. തുടക്കത്തില്‍ ബാറുകള്‍ തെറ്റായ ലൊക്കേഷന്‍ നല്‍കിയിരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബെവ് ക്യൂ പരാജയം; ഫെയർ കോഡുമായുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

“ബെവ്കോ ഔട്ട്ലെറ്റുകളുടെ ലൊക്കേഷന്‍ കൃത്യമായിരുന്നു. എന്നാല്‍ പല ബാറുകളും തെറ്റായ ലൊക്കേഷനാണ് നല്‍കിയത്. അവസാനമാണ് ബാറുകളുടെ ലൊക്കേഷന്‍ ലഭിച്ചിരുന്നത്. അതിനാല്‍ അതിലെ കൃത്യത ഉറപ്പുവരുത്താന്‍ ബെവ്കോയ്ക്ക് സാധിച്ചിരുന്നില്ല. ലൊക്കേഷന്‍ വലിയൊരു കാര്യമല്ല എന്ന നിലയിലായിരുന്നു ബാറുകാര്‍ പെരുമാറിയിരുന്നത്. ഒരു ബാറിന്റെ ലൊക്കേഷന്‍ തെറ്റായാല്‍ ആ ബാറിന് സമീപത്തെ ഉപഭോക്താക്കളെ കിട്ടില്ല. ഉപഭോക്താവ് ദൂരെ പോയി വാങ്ങേണ്ടിയും വന്നു. ഇപ്പോള്‍ ബാറുകാര്‍ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ തന്നു. ഇപ്പോള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, 25 കിലോമീറ്ററെന്നത് അഞ്ച്, 10, 15, 20, 25 കിലോമീറ്ററുകളായി വിഭജിച്ചു,” അദ്ദേഹം പറഞ്ഞു.

Read Also: ആരാധനാലയങ്ങളും മാളുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും; മാർഗനിർദേശങ്ങൾ പാലിക്കണം

“പിന്‍കോഡ് മാറ്റാന്‍ പറ്റില്ലെന്ന നിയന്ത്രണം എക്‌സൈസ് വകുപ്പിന്റെയായിരുന്നു. അല്ലാതെ, ഇത്രയും വലിയ ആപ്ലിക്കേഷന്‍ ചെയ്യാന്‍ കഴിയുന്ന ഞങ്ങള്‍ക്ക് അതിലൊരു പിന്‍കോഡ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഏര്‍പ്പെടുത്താന്‍ അറിയാത്തതു കൊണ്ടല്ല. ഇക്കാര്യത്തിൽ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത് ഞങ്ങളാണ്. അത് ഞങ്ങള്‍ അറിയിച്ചിട്ടും പിന്‍കോഡ് എഡിറ്റ് ചെയ്യാനുള്ള അനുവാദം കൊടുക്കണ്ടായെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്,” രജിത് പറഞ്ഞു

ഔട്ട്ലെറ്റ് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയാല്‍ ദൂരം കൂടുതലെന്ന പ്രശ്നം ഒഴിവാക്കാം. അത് ഏര്‍പ്പെടുത്താനുള്ള ജോലിയാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്. അടുത്തദിവസങ്ങളില്‍ അത് വരും. കൂടാതെ ആപ്പിള്‍ ഫോണുകളിലും ആപ്പ് ലഭ്യമാകും. ബെവ്കോയുടെ ഐ ഒ എസ് ആപ്പ് സ്റ്റോറിന്റെ അക്കൗണ്ട് രണ്ട് ദിവസം മുമ്പ് ശരിയായിട്ടുണ്ട്,” അതിനുവേണ്ടിയുള്ള ചെലവ് കെ എസ് ബി സി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.