കൊച്ചി: സംസ്ഥാനത്തെ മദ്യവിൽപന കേന്ദ്രങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നതിനായുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ് ക്യൂ പൊതുജനങ്ങൾക്ക് ലഭ്യമായി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ബെവ് ക്യൂ ആപ് ലഭ്യമാണെന്ന് ആപ് നിർമാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു. നാളെ മുതലാണ് സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിക്കുക.
https://play.google.com/store/apps/details?id=com.ksbcvirtualq
Posted by Faircode Technologies Private Limited on Wednesday, 27 May 2020
സംസ്ഥാനത്ത് നാളെ മുതൽ വിതരണം ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. മദ്യ വിതരണത്തിന് കേന്ദ്രം അനുമതി നൽകിയതും മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ വിതരണം ചെയ്യുന്നതിനുമുള്ള മൊബൈല്‍ ആപ് ലോഞ്ച് ചെയ്യുന്നതിന് തയ്യാറായതുമായ പശ്ചാത്തലത്തിലാണ് വിതരണം പുനരാരംഭിക്കുന്നത്. വീടുകളില്‍ മദ്യം എത്തിക്കുകയില്ലെന്നും അത് സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗബാധിത പ്രദേശത്തും റെഡ് സോണിലും മദ്യഷാപ്പുകള്‍ തുറക്കില്ല.
Read More: ബെവ് ക്യു: ഒറിജിനലിന് മുൻപേ വ്യാജൻ; ഹൈടെക് ക്രൈം സെൽ അന്വേഷിക്കും
പ്ലേ സ്റ്റോറിൽ നിന്ന് (https://play.google.com/store/apps/details?id=com.ksbcvirtualq) ബെവ് ക്യൂ ആപ് ഡൗൺലോഡ് ചെയ്യാം. ഐഒഎസ് പ്ലാറ്റ് ഫോമിൽ ബെവ് ക്യൂ ആപ് ഇനിയും വൈകുമെന്ന് ഫെയർകോഡ് സിഇഒ രജിത്ത് രാമചന്ദ്രൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ബെവ് ക്യൂ ബീറ്റ വെർഷൻ ഇൻസ്റ്റാൾ ചെയ്തവർക്ക് ബീറ്റ വെർഷൻ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആപ് ഉപയോഗിച്ച് മദ്യം ബുക്ക് ചെയ്യാനാവൂ.
ഉപഭോക്താക്കള്‍ക്ക് ബെവ് ക്യൂ ആപ് വഴി മദ്യം വാങ്ങുന്നതിനുള്ള സമയം റിസര്‍വ് ചെയ്ത് സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയും 576 ബാറുകൾ വഴിയും മദ്യം വാങ്ങാൻ സാധിക്കും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് വിൽപന. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കണ്‍ ബുക്ക് ചെയ്യാമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ടോക്കണ്‍ ഇല്ലാത്തവര്‍ മദ്യം വാങ്ങാനെത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ബുക്ക് ചെയ്ത സമയത്ത് വാങ്ങാനെത്തിയില്ലെങ്കില്‍ മദ്യം ലഭിക്കുകയില്ലെന്നും വീണ്ടും ബുക്ക് ചെയ്ത് ടോക്കണ്‍ എടുത്ത് എത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
Read Also: ‘താങ്ക് യൂ സുന്ദരേട്ടാ’; ഗൂഗിളിനെ സ്നേഹംകൊണ്ട് മൂടി മലയാളികൾ
മദ്യം വിതരണം ചെയ്യുമെങ്കിലും ബാർ ഹോട്ടലുകളിലിരുന്ന് കഴിക്കുന്നതിന് അനുവാദമില്ല. ബാറുകളിൽ പ്രത്യേകം കൗണ്ടർ വഴിയാണ് പാഴ്സല്‍ നല്‍കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ 291 ബിയർ വൈൻ പാർലറുകളിലൂടെ ബിയറും വൈനും പാഴ്സലായി നല്‍കും.
ബിവറേജസ് ഔട്ട്ലെറ്റിന്റേയും ബാറിന്റേയും മുന്നിലെ ക്യൂവില്‍ ഒരേ സമയം അഞ്ച് ആളുകൾ മാത്രമേ പാടുളളൂ. കോവിഡ്-19 വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണം. ഒരു തവണ ബുക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നെ നാല് ദിവസത്തേക്ക് മദ്യം വാങ്ങുന്നതിന് ബുക്കിങ് സാധിക്കില്ല.
Read Also: ബെവ് ക്യൂ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതിന് കാരണം ഇതാണ്
ഒരു ഉപഭോക്താവില്‍ നിന്നും 50 പൈസ ഈടാക്കി മൊബൈല്‍ ആപ് നിര്‍മ്മിച്ച ഫെയര്‍കോഡ് ടെക്നോളജീസിന് നല്‍കുമെന്ന പ്രചാരണം മന്ത്രി നിഷേധിച്ചു. ഓരോ ടോക്കണില്‍ നിന്നും പിരിക്കുന്ന 50 പൈസ ബിവറേജസ് കോര്‍പറേഷനാണ് ലഭിക്കുന്നത്. ടോക്കണ്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് ലഭിക്കുന്ന എസ്എംഎസിന്റെ നിരക്ക് അടയ്ക്കുന്നത് ഫെയര്‍കോഡാണ്. അതിന് ചെലവാകുന്ന തുക കോര്പ്പറേഷന് കമ്പനിക്ക് നല്‍കും. ഒരു എസ്എംഎസിന് 15 പൈസ നിരക്കിലാണ് കമ്പനിക്ക് നല്‍കുന്നത്.
Read Also: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു
രാജ്യവ്യാപക ലോക്ക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകളും ബാർഹോട്ടലുകളും അടച്ചിടാൻ കേന്ദ്രം നിർദേശിച്ചതനുസരിച്ച് കേരളവും ഫലപ്രദമായി പ്രവർത്തിച്ചു. ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് എങ്ങനെ മദ്യഷാപ്പുകൾ തുറക്കാമെന്ന് കേരളം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 13 മുതൽ കള്ളുഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചത്. അതിന് മുമ്പ് തന്നെ ചെത്ത് തൊഴിലാളികൾക്ക് തെങ്ങ് ചെത്താനും അനുമതി നൽകിയിരുന്നു. ഇപ്പോൾ കേരളത്തിൽ 2500ഓളം കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Read Also: ഓൺലെെൻ മദ്യവിതരണം: ഒരിക്കൽ വാങ്ങിയാൽ പിന്നെ എത്രനാൾ കാത്തിരിക്കണം?
ബിവറേജ് വഴിയുള്ള വിദേശ മദ്യത്തിന്റെ വിതരണം പരിഗണനയിലേക്ക് വന്നപ്പോൾ ഇവിടെ അനുഭവപ്പെടുന്ന വലിയ തിരക്കാണ് പ്രശ്നമായി ഉയർന്നത്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി പല നടപടികളും ഇതിനോടകം തന്നെ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി തന്നെയാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ ബിവറേജസ് ഔട്ട്ലെറ്റ് വഴിയും ബാർഹോട്ടൽ വഴിയും മദ്യം വിതരണം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ രൂപപ്പെടുത്താൻ തീരുമാനിച്ചത്.
മൊബൈല്‍ ആപ്പ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്കും മന്ത്രി മറുപടി നല്കി. കമ്പനിയെ തെരഞ്ഞെടുത്തത് പ്രത്യേക വിദഗ്ദ്ധ സംഘമാണെന്നും പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഫെയര്‍കോഡ് സിപിഎം സഹയാത്രികന്റേതാണോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും പ്രതിപക്ഷം പല ആരോപണങ്ങളും ഉന്നയിച്ചെങ്കിലും ഒന്നും ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
സ്റ്റർട്ട്അപ് മിഷനെയാണ് ഇതിന് സർക്കാർ സമീപിച്ചത്. 29 കമ്പനികള്‍ വെര്‍ച്വല്‍ ക്യൂ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് അപേക്ഷിച്ചിരുന്നുവെന്നും അതില്‍ നിന്നും അഞ്ച് കമ്പനികളെ വിദഗ്ദ്ധര്‍ തെരഞ്ഞെടുക്കുകയും അവയില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഫെയര്‍കോഡിനെ ആപ്പ് നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തുവെന്നും മന്ത്രി പറഞ്ഞു. 2,84,203 രൂപയാണ് ഫെയര്‍കോഡ് ക്വാട്ട് ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു.