കണ്ണൂർ: വിഭാഗീയതയുടെ പേരിൽ പിണറായി വിജയനെതിരായ തന്റെ നിലപാട് തിരുത്തി ബെർലിൻ കുഞ്ഞനന്തൻ നായർ. പിണറായി ആണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും അദ്ദേഹത്തെ നേരിൽ കണ്ട് ക്ഷമ പറയണമെന്നും കുഞ്ഞനന്തൻ പറഞ്ഞു. വിമർശനങ്ങളിൽ ചിലത് വ്യക്തിപരമായി പോയി. അതിൽ തെറ്റ് പറ്റിയെന്ന് ബോധ്യമുണ്ടെന്നും പിണറായിയെ കാണുന്നത് അന്ത്യാഭിലാഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന മാധ്യമപ്രവർത്തകനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബെർലിൻ കുഞ്ഞനന്തൻ നായർ സിപിഎമ്മിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ്.അച്യുതാനന്ദനൊപ്പം നില്‍ക്കുകയും പിണറയി വിജയന്റെ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തയാളാണ്.
Also Read: പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്, ഒരു പദവിയും ആഗ്രഹിക്കുന്നില്ല: മുരളീധരൻ
വിഎസുമായുള്ള അടുപ്പമാണ് പിണറായി വിജയനിൽ നിന്ന് അകറ്റിയത്. പിണറായിക്കെതിരെയുള്ള ആരോപണങ്ങൾ തിരുത്തിയിട്ടുണ്ട്. എന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ ഞാൻ പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോമുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കി തന്നിരുന്നു. അതിലുള്ള നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണമെന്നും ബര്‍ലിന്‍ കുഞ്ഞനന്തൻ നായർ പറഞ്ഞു.
Also Read: മലബാർ എക്സ്പ്രസിൽ തീപിടിത്തം; വൻദുരന്തം ഒഴിവായി
കേരളം കണ്ട എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്ര നല്ല മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും അധികം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, ഇഎംഎസിനേക്കാള്‍ മിടുക്കനായി തീര്‍ന്നു. ജനക്ഷേമ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നും ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുഞ്ഞനന്തന്റെ ‘പൊളിച്ചെഴുത്ത്’ എന്ന ആത്മകഥയിൽ പാർട്ടി വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും വിവാദമായിരുന്നു. ഇടത് പക്ഷ പ്രസ്ഥാനത്തിൽ വലിയ കോളിളക്കം ഉണ്ടാക്കിയ പുസ്തകമായിരുന്നു ‘പൊളിച്ചെഴുത്ത്’.