സോഷ്യൽ മീഡിയയിൽ സാഹിത്യസൃഷ്ടികൾ എഴുതുന്നവരുടേത് വെറും ആത്മരതിയാണെന്നും അതിന് താഴെ അഭിപ്രായം പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും പറഞ്ഞ സന്തോഷ് ഏച്ചിക്കാനത്തിന്റെ പരാമര്‍ശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. സൗഹൃദത്തിൽ വിയോജിപ്പിനു സാധ്യതയുണ്ടെങ്കിൽ ഞാൻ താങ്കളോട് അഗാധമായി വിയോജിക്കുന്നു. ഇല്ലെങ്കിലും വിയോജിക്കുന്നു. ഇതായിരുന്നു ബെന്യാമിന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്.
മാതൃഭൂമി പത്രത്തിലെ കേട്ടതും കേൾക്കേണ്ടതും എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സന്തോഷിന്റെ അഭിപ്രായം സോഷ്യൽ മാധ്യമങ്ങളിൽ ചർച്ചയായത്. സോഷ്യൽ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി എനിക്കുതോന്നിയിട്ടില്ല. അത് സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണം. അവരെന്തിനാണ് പുസ്തകം ഇറക്കുന്നത്? അതിൽത്തന്നെ എഴുതിയാൽ പോരേ? ആത്മരതിയുടെ ഇടമാണ് അവിടം. അതിന് പൂട്ടില്ല. ഏത് മണ്ടനും വന്ന്, അതിലഭിപ്രായം പറയാം. ആർക്കുവന്നും അതിൽക്കയറി മലമൂത്ര വിസർജനം നടത്താം. അത് കഴുകേണ്ട ഉത്തരവാദിത്ത്വം പിന്നെ നമ്മളുടേതാകും. ഇതാണ് സോഷ്യൽമീഡിയ നൽകുന്ന ഗതികേട്.” എന്നായിരുന്നു സന്തോഷ് ഏച്ചിക്കാനത്തിന്റെ പരാമര്‍ശം.