ബെംഗളൂരു: കാറും ബെംഗളൂരു മുനിസിപ്പൽ ട്രാൻസ്പോർട് കോർപ്പറേഷൻ ബസും കൂട്ടിയിടിച്ച് കാർയാത്രക്കാരായ നാലു മലയാളികൾ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കൊല്ലം ചവറ സ്വദേശി മേഴ്‌സി ജോസഫ് (54), മകന്‍ ലവിന്‍ ജോസഫ് (25), മേഴ്‌സി ജോസഫിന്‍റെ ഭര്‍ത്തൃ സഹോദരി റീന ബ്രിട്ടോ (52), സുഹൃത്ത് എല്‍സമ്മ (54) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മാറത്തഹള്ളി ദൊഡ്ഡനഹുണ്ടി റോഡില്‍ ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലവിന്‍ ജോസഫാണ് കാര്‍ ഓടിച്ചിരുന്നത്.

ബെംഗളൂരുവിൽ രമേശ് ടൂര്‍സ് ആൻഡ് ട്രാവല്‍സ് ജീവനക്കാരനാണ് ജോസഫ് മോറിസ്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് മരിച്ച മേഴ്സി. ജോസഫ് മോറിസിന്‍റെ സഹോദരന്‍റെ ശവസംസ്കാര ചടങ്ങ് കഴിഞ്ഞ് അള്‍സൂരില്‍ നിന്ന് മാറത്തഹളളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

പരുക്കേറ്റ ശ്രീജയെ ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ താമസിക്കുന്ന റീന ബെംഗളൂരുവില്‍ ശവസംസ്കാര ചടങ്ങിനെത്തിയതായിരുന്നു. ജോൺ ബ്രിട്ടോയാണ് റീനയുടെ ഭർത്താവ്. മക്കൾ: മെന്റി, മെർവിൻ. മൃതദേഹങ്ങൾ ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.