കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിക്കെതിരെ നഗരമധ്യത്തില്‍ വച്ച് നടന്ന ആക്രമണത്തിന് പിന്നില്‍ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസം കലൂര്‍ ആസാദ് റോഡില്‍ വച്ചാണ് സന്ധ്യയെ ബൈക്കിലെത്തിയ ഫാറൂഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരും അന്യസംസ്ഥാനത്ത് നിന്ന് എത്തി കൊച്ചിയില്‍ ജോലി ചെയ്യുന്നവരാണ്.
ബംഗാള്‍ സ്വദേശിയാണ് സന്ധ്യ, ഫാറൂഖ് ഉത്തരാഖണ്ഡ് സ്വദേശിയും. ഇരുവരും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നുമാണ് ലഭിക്കുന്ന വിവരം. ബന്ധം അവസാനിപ്പിക്കാമെന്ന സന്ധ്യയുടെ തീരുമാനമാണ് ഫാറൂഖിനെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ആസാദ് റോഡിന് സമീപമാണ് സന്ധ്യ താമസിച്ചിരുന്നത്. സുഹൃത്തിനൊപ്പ് നടന്നു പോകുന്ന വഴി ഫാറൂഖ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് വാക്കത്തി ഉപയോഗിച്ച് ഫാറൂഖ് ആക്രമണം നടത്തിയത്. ഇതിനായി തന്നെ ഫാറൂഖ് പുതിയ വാക്കത്തി മേടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സന്ധ്യയുടെ കഴുത്ത് ലക്ഷ്യമാക്കിയാണ് ഫാറൂഖ് വാക്കത്തി വീശിയത്. എന്നാല്‍ ഇത് തടയാന്‍ ശ്രമിക്കവെയാണ് സന്ധ്യയുടെ കൈക്ക് വെട്ടേറ്റത്. നാട്ടൂകാര്‍ ഓടിക്കൂടിയതോടെ ഫാറൂഖ് രക്ഷപെടുകയായിരുന്നു. സന്ധ്യയുടെ കൈകള്‍ക്ക് ഗുരുതര പരിക്കാണ് സംഭവിച്ചിരിക്കുന്നത്.
ആദ്യം സ്വകാര്യ ആശുപത്രിയിലാണ് സന്ധ്യയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഫാറൂഖ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സലൂണില്‍ നിന്ന് അവധിയെടുത്തായിരുന്നു സന്ധ്യയെ കാണാന്‍ ഫാറൂഖ് എത്തിയത്.