കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒരുമാസക്കാലത്തെ വ്രതശുദ്ധിയില്‍ ആത്മീയതയുടെ പുണ്യം നുകര്‍ന്ന വിശ്വാസി സമൂഹത്തിന് ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതോടെ പള്ളികളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങിത്തുടങ്ങി. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ഖുർആൻ പാരായണത്തിലൂടെയും രാത്രി നമസ്കാരത്തിലൂടെയും നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിച്ച് കൊണ്ടാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

മുപ്പത് നോമ്പിന്റെ പുണ്യവുമായി ഇന്ന് രാവിലെ പുതുവസ്ത്രങ്ങൾ അണിഞ്ഞും സുഗന്ധദ്രവ്യങ്ങൾ പൂശിയും ആണ് വിശ്വാസികൾ തക്ബീർധ്വനികളുമായി പെരുന്നാൾ നമസ്കാരത്തിന് ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും പോകുന്നത്. നമസ്കാരത്തിന് ശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്നേഹബന്ധം ഊട്ടിയുറപ്പിച്ച് ശേഷമാണ് നമസ്കാര സ്‌ഥലങ്ങളിൽ നിന്നും ഓരോരുത്തരം വീടുകളിലേക്ക് മടങ്ങുന്നത്.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദാനധർമങ്ങൾ ചെയ്യുന്നതും(സകാത്ത്) നിർബന്ധമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ച് കഴിഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും ഈദ് ഗാഹ് നമസ്കാരത്തിൽ പങ്ക് ചേരും. വിവിധയിടങ്ങളിൽ പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും.

പെരുന്നാൾ വിപണിയും സജീവമായിരുന്നു. വസ്ത്രങ്ങളും ചെരിപ്പും മൈലാഞ്ചിയും വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിയതോടെ എങ്ങും പെരുന്നാള്‍ ആരവമായി. നോമ്പുകാലത്തിന്റെ തുടക്കത്തിൽ ഈത്തപ്പഴമടക്കമുള്ള പഴവർഗങ്ങൾക്കും മറ്റ് ഭക്ഷ്യവിഭവങ്ങൾക്കുമായിരുന്നു പ്രിയമെങ്കിൽ റംസാന്റെ അവസാനമണിക്കൂറുകളിൽ പെരുന്നാളിന് അണിഞ്ഞൊരുങ്ങനുള്ള പുത്തൻ വസ്ത്രങ്ങൾക്കായുള്ള നെട്ടോട്ടത്തിലായിരുന്നു. വസ്ത്രശാലകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ