Eid ul Fitr: കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരുമാസക്കാലത്തെ വ്രതശുദ്ധിയില്‍ ആത്മീയതയുടെ പുണ്യം നുകര്‍ന്ന വിശ്വാസി സമൂഹത്തിന് ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിച്ച് കൊണ്ടാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
രാവിലെ 7.30ന് പള്ളികളില്‍ പ്രത്യേക നമസ്‌കാരം ആരംഭിക്കും. മുപ്പത് നോമ്പിന്റെ പുണ്യവുമായി ഇന്ന് രാവിലെ പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും ആണ് വിശ്വാസികള്‍ തക്ബീര്‍ധ്വനികളുമായി പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും പോകുന്നത്. നമസ്‌കാരത്തിന് ശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്‌നേഹബന്ധം ഊട്ടിയുറപ്പിച്ച് ശേഷമാണ് നമസ്‌കാര സ്ഥലങ്ങളില്‍ നിന്നും ഓരോരുത്തരം വീടുകളിലേക്ക് മടങ്ങുന്നത്.
Read More: ചെറിയ പെരുന്നാള്‍ നല്‍കുന്നത് സ്‌നേഹത്തിന്റെ സഹിഷ്ണുതയുടെയും സന്ദേശം: മുഖ്യമന്ത്രി
യുഎഇ, സൌദി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു പെരുന്നാള്‍ ആഘോഷിച്ചത്. റംസാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം. ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ നിന്നും വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി എന്നിവര്‍ അറിയിച്ചിരുന്നു.
കേരളത്തില്‍ മേയ് ആറ് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാന്‍ അഥവ റമദാന്‍. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങള്‍ ചെറിയ പെരുന്നാള്‍ അഥവ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.
Read More: Eid-ul-Fitr 2019: പണിയാം ഭിന്നതകളെ മറികടക്കാനുള്ള പാലങ്ങൾ
ഇസ്ലാമിലെ ഏറ്റവും പുണ്യമുളള മാസമാണ് റംസാന്‍. ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷം എന്ന നിലയ്ക്കാണ് റമദാന്‍ കണക്കാക്കപ്പെടുന്നത്. ഈ മാസത്തില്‍ ഖുര്‍ആന്‍ പഠനത്തിനും വായനയ്ക്കും പ്രവാചകന്‍ മുഹമ്മദ് കൂടുതല്‍ സമയം നീക്കി വച്ചിരുന്നതായും പറയപ്പെടുന്നു.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദാനധര്‍മങ്ങള്‍ ചെയ്യുന്നതും(സകാത്ത്) നിര്‍ബന്ധമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും ഈദ് ഗാഹ് നമസ്‌കാരത്തില്‍ പങ്ക് ചേരും. വിവിധയിടങ്ങളില്‍ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും.
പെരുന്നാള്‍ വിപണിയും സജീവമായിരുന്നു. വസ്ത്രങ്ങളും ചെരിപ്പും മൈലാഞ്ചിയും വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിയതോടെ എങ്ങും പെരുന്നാള്‍ ആരവമായി. നോമ്പുകാലത്തിന്റെ തുടക്കത്തില്‍ ഈത്തപ്പഴമടക്കമുള്ള പഴവര്‍ഗങ്ങള്‍ക്കും മറ്റ് ഭക്ഷ്യവിഭവങ്ങള്‍ക്കുമായിരുന്നു പ്രിയമെങ്കില്‍ റംസാന്റെ അവസാനമണിക്കൂറുകളില്‍ പെരുന്നാളിന് അണിഞ്ഞൊരുങ്ങനുള്ള പുത്തന്‍ വസ്ത്രങ്ങള്‍ക്കായുള്ള നെട്ടോട്ടത്തിലായിരുന്നു. വസ്ത്രശാലകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.