കോവിഡ് ചികിത്സയിലെ അപൂർവ അധ്യായമാണിത്; കോട്ടയത്ത് വൃദ്ധദമ്പതികളെ ചികിത്സിച്ച ഡോക്ടർ

എന്തും സംഭവിക്കാമെന്നതിനാൽ അവരുടെ അതിജീവനം ഭാഗ്യമാണെന്ന് ഞാൻ പറയും. തോമസിനെ നഷ്ടപ്പെടുമെന്ന് ഞങ്ങൾ കരുതിയ ആറ് അവസരങ്ങളുണ്ട്. ദൈവം അവരെ അനുഗ്രഹിച്ചു

Corona Virus, China , Kerala

കൊച്ചി: കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യത്തെ പത്ത് ഹോട്ട്സ്‌പോട്ടുകളിൽ ഒന്നായിരുന്നു പത്തനംതിട്ട ജില്ല. അവിടെ നിന്ന് മനസിന് ആശ്വാസമേകുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം വന്നത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തോമസ് (93), മറിയാമ്മ (88) എന്നീ വയോധിക ദമ്പതികൾ രോഗമുക്തി നേടി. ആശുപത്രിയിൽ വച്ച് തോമസിന് ഹൃദയാഘാതമുണ്ടായി. മറിയാമ്മയ്ക്ക് അണുബാധയും. അവരെ ശുശ്രൂഷിച്ചിരുന്ന നഴ്സിനും കോവിഡ് പോസിറ്റീവായി.

കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങൾ, ദമ്പതികളുടെ മകൻ, മരുമകൾ, ചെറുമകൻ, മറ്റ് രണ്ട് ബന്ധുക്കൾ – തിങ്കളാഴ്ച കോവിഡ് രോഗമുക്തി നേടിയതിനെ തുടർന്ന് ആശുപത്രി വിട്ടു. അഞ്ചുപേരും പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിറകണ്ണുകളോടെയാണ് അവരെ യാത്രയാക്കിയത്.

മകന്റെ കുടുംബം ഫെബ്രുവരി 29 ന് ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിലെ അയത്തലയിലെ കുടുംബവീട്ടിൽ എത്തി. അദ്ദേഹത്തിൽ നിന്നാണ് തോമസിനും മറിയാമ്മയ്ക്കും വൈറസ് ബാധിച്ചതെന്നാണ് കരുതുന്നത്. കുടുംബത്തോടൊപ്പം ഓഗസ്റ്റിൽ അവധിക്കു നാട്ടിൽ വരാനിരുന്നതായിരുന്നു. എന്നാൽ അതുവരെ താൻ ജീവനോടെയുണ്ടാകുമോ എന്നുറപ്പില്ലെന്ന് പിതാവ് പറഞ്ഞതിനെ തുടർന്നാണ് നാട്ടിലേക്ക് ഉടൻ പോരാൻ തീരുമാനിച്ചതെന്നും ഇരുവരുടേയും മകൻ പറയുന്നു.

Read More: കോവിഡ് -19: രോഗമുക്തി നേടി പത്തനംതിട്ടയിലെ വയോധിക ദമ്പതികൾ

അവർ നാട്ടിലെത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറുകയും വിദേശയാത്രയെ കുറിച്ച് അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്തുവെന്ന കാര്യം വ്യക്തമായതോടെ മൂന്നംഗ കുടുംബം ആരോഗ്യ വകുപ്പിന്റേയും പൊതു ജനങ്ങളുടേയും വിമർശനത്തിന് വിധേയരായി. അവർ സാമൂഹിക അകലം പാലിക്കാതെ പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പോകുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ കുടുംബവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തിയിരുന്ന 900ലധികം പേരെ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കി.

പ്രായമായ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേരും കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മാർച്ച് 6 ന് പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിലെത്തി. രണ്ട് ദിവസത്തിന് ശേഷം, പരിശോധനയിൽ അഞ്ച് പേർക്കും കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചു. ദമ്പതികളുടെ നില ഗുരുതരമായതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തോമസിനും മറിയാമ്മയ്ക്കും പ്രമേഹം, രക്തസമ്മർദം, വാർധക്യസഹജമായ മറ്റ് അസുഖങ്ങൾ എന്നിവയുണ്ടെന്ന് മനസിലാക്കിയ ആശുപത്രി ഉദ്യോഗസ്ഥർ അതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ ആസൂത്രണം ചെയ്തത്.

ആദ്യ ദിവസങ്ങൾ കഠിനമായിരുന്നു, തോമസിന് നെഞ്ചുവേദനയും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടക്കത്തിൽ, അദ്ദേഹത്തെയും മറിയാമ്മയെയും പ്രത്യേക മുറികളിൽ താമസിപ്പിച്ചു. എന്നാൽ ഇതവരെ ഉത്കണ്ഠാകുലരാക്കിയതിനാൽ, അവരെ പരസ്പരം കാണാനാകുന്ന ട്രാൻസ്‌പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി.

പക്ഷെ കഠിനമായ ചുമയും കഫവും മൂലം തോമസിന്റെ നില വഷളായിക്കൊണ്ടിരുന്നു, ഓക്സിജന്റെ അളവിലെ വ്യത്യാസം മൂലം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുത്തിരുന്നത്. ഇതിനിടയിൽ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. തോമസിനും മറിയാമ്മയ്ക്കും മൂത്രാശയ അണുബാധയ്ക്ക് ചികിത്സ നൽകേണ്ടിവന്നു. പിന്നീട് മറിയാമ്മയ്ക്ക് ബാക്ടീരിയ അണുബാധയും പിടിപെട്ടു.

വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്ന ദമ്പതികൾ ചിലപ്പോൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും നഴ്സിങ് സ്റ്റാഫുമായി സഹകരിക്കാതിരിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുകയും സ്ഥിരത കൈവരിക്കുകയും ചെയ്തു. തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. പിന്നീട് പരിശോധനകളുടെ ഫലം തുടർച്ചയായി നെഗറ്റീവായി. ഡിസ്ചാർജ് ചെയ്യുന്നതിനുള്ള തീയതി മെഡിക്കൽ ബോർഡ് ഉടൻ തീരുമാനിക്കും.

Read More: ശമ്പളമടക്കം മുടങ്ങിയേക്കും; സംസ്ഥാനത്ത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

കോട്ടയം മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു. ഏഴ് ഡോക്ടർമാരും 25 നഴ്സിങ് സ്റ്റാഫ് അംഗങ്ങളും ദമ്പതികളെ പരിപാലിക്കുന്ന മെഡിക്കൽ സംഘത്തിന്റെ ഭാഗമായിരുന്നു. മാർച്ച് 27 ന് രോഗബാധ സ്ഥിരീകരിച്ച നഴ്സിന് പൂർണ്ണ പിന്തുണയും ആരോഗ്യമന്ത്രി വാഗ്‌ദാനം ചെയ്തു.

“കൊറോണ വൈറസിന്റെ ഗൗരവത്തെക്കുറിച്ച് ഇരുവർക്കും അറിയാമായിരുന്നുവെങ്കിലും നാട്ടിലേക്ക് മടങ്ങാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രായം കാരണം അമ്മയ്ക്ക് കേൾവിക്കുറവുണ്ടായിരുന്നു. അതിനാൽ സംസാരിക്കുമ്പോൾ എനിക്ക് അവരോട് വളരെ ചേർന്ന് നിൽക്കേണ്ടി വന്നു,” നഴ്സ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“60 വയസ്സിനു മുകളിലുള്ള വ്യക്തിയെ ഉയർന്ന അപകടസാധ്യതയുള്ളവരായി കണക്കാക്കുന്നതിനാൽ കോവിഡ് -19 ചികിത്സയിലെ അപൂർവമായ ഒരു അധ്യായമാണിത്. അവരുടെ ജീവൻ രക്ഷിക്കാനായതിനെ അപൂർവ നേട്ടം എന്ന് വിളിക്കാം. എന്തും സംഭവിക്കാമെന്നതിനാൽ അവരുടെ അതിജീവനം ഭാഗ്യമാണെന്ന് ഞാൻ പറയും. തോമസിനെ നഷ്ടപ്പെടുമെന്ന് ഞങ്ങൾ കരുതിയ ആറ് അവസരങ്ങളുണ്ട്. ദൈവം അവരെ അനുഗ്രഹിച്ചു,” ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. സജിത് കുമാർ ആർ പറഞ്ഞു.

ദമ്പതികളുടെ മകൻ, ഭാര്യ (53), മകൻ (25), മറ്റ് രണ്ട് ബന്ധുക്കൾ എന്നിവരെ തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ, ഉദ്യോഗസ്ഥർ കൈയടിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. കുടുംബത്തിന് ഒരു പെട്ടി മധുരപലഹാരങ്ങൾ, രാത്രി പാകം ചെയ്ത ഭക്ഷണത്തിന്റെ പാക്കറ്റുകൾ, അടുത്ത രണ്ടാഴ്ചത്തെ നിർബന്ധിത ഹോം ക്വാറന്റൈന് ആവശ്യമായ ഭക്ഷണത്തിന്റെ ലിസ്റ്റ്, മറ്റ് സാധനങ്ങൾ എന്നിവ നൽകി. അസുഖത്തിൽ നിന്ന് കരകയറുന്നവരെ കുറഞ്ഞത് 14 ദിവസമെങ്കിലും വീട്ടിൽ താമസിപ്പിക്കാൻ ആരോഗ്യ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. അതിനുശേഷം വീണ്ടും പരിശോധന നടത്തും.

“കഴിഞ്ഞ 25 ദിവസമായി ഞങ്ങളെ പരിപാലിച്ചതിന് നഴ്സുമാർ, ഡോക്ടർമാർ, ജില്ലാ കലക്ടർ, എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ജീവനോടെ വീട്ടിലേക്ക് മടങ്ങുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല . ദൈവത്തോട് നന്ദി പറയുന്നു. എല്ലാവരേയും പ്രാർഥനയിൽ ഞാൻ ഓർക്കും,” ദമ്പതികളുടെ മകന്റെ ഭാര്യ കണ്ണീരോടെ പറഞ്ഞു.

പ്രോട്ടോക്കോൾ പാലിക്കാത്തത് തങ്ങളുടെ തെറ്റാണെന്ന് 25കാരൻ സമ്മതിച്ചെങ്കിലും തെറ്റ് മനഃപൂർവമല്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മനസ്സിലാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. മാനസികമായി ഏറെ പിന്തുണച്ച ആശുപത്രി ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

പത്തനംതിട്ട കലക്ടർ പി.ബി.നൂഹ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ് “അവർ മനഃപൂർവ്വം രോഗം പടർത്തിയില്ല. രോഗം ആദ്യം അവരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നേ ഉള്ളൂ. ഈ കാര്യങ്ങൾ ആർക്കും സംഭവിക്കാം. അതുകൊണ്ട് ആരും അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത് അല്ലെങ്കിൽ അവരെ ഒറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ശ്രമിക്കരുത്. സ്റ്റേഷൻ ഉദ്യോഗസ്ഥർക്കും എസ്‌പിക്കും അവരുടെ സുരക്ഷ സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ ജനങ്ങൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

“ഒരു ഘട്ടത്തിൽ പ്രായമായ ദമ്പതികൾ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മികച്ച പരിചരണവും ചികിത്സയും കാരണം അവരെ മരണത്തിൽ നിന്ന് തിരികെ കൊണ്ടുവരാൻ സാധിച്ചു,” തന്റെ പ്രസ്താവനയിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു,

(ലേഖകർ: ഷാജു ഫിലിപ്പ്, വിഷ്ണു വർമ)

Read in English: Behind 93-yr-old’s recovery, several miracles: ‘6 times we thought we lost him’

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Behind 93 yr olds recovery several miracles 6 times we thought we lost him

Next Story
ശമ്പളമടക്കം മുടങ്ങിയേക്കും; സംസ്ഥാനത്ത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan, പിണറായി വിജയൻ, മുഖ്യമന്ത്രി, Kerala, കേരളം, Financial crisis, സാമ്പത്തിക പ്രതിസന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com