തിരുവനന്തപുരം: മതമൈത്രിയുടെ പ്രതീകമായ തിരുവനന്തപുരം ബീമാ പള്ളി ഉറൂസിനു കൊടിയേറി. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ ബീമാപള്ളിയും പരിസരവും ഇനി 10 നാള്‍ ഭക്തിസാന്ദ്രം. ജാതിമത വ്യത്യാസമില്ലാതെ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ആളുകളാണു ചന്ദനക്കുടം മഹോത്സവത്തിനെത്തുക.
ഇന്നു രാവിലെ 11നാണ് ഉറൂസിനു കൊടിയേറിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മതത്തിന്റെ പേരിൽ വേർതിരിവ് പാടില്ലെന്നും നാം ഒന്നാണെന്നും പ്രഖ്യാപിച്ചുകൊണ്ട്, ഭരണഘടനയുടെ ആമുഖം വായിച്ചശേഷമായിരുന്നു പതാക ഉയർത്തൽ. ഇതിനു മുന്നോടിയായി രാവിലെ 8.30ന് ആരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിനു വിശ്വാസികൾ അണിനിരന്നു.
ഉറൂസ് പ്രമാണിച്ച് നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ബീമാപള്ളി പരിസരത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ഇത്തവണത്തെ ഉറൂസെന്ന് അധികൃതര്‍ അറിയിച്ചു.
ബീമാ ബീവിയുടെ ചരമവാര്‍ഷിക അനുസ്മരണമായാണു ബീമാ പള്ളി ദര്‍ഗ ഷെരീഫില്‍ ഉറൂസ് ആഘോഷിക്കുന്നത്. ഹിജ്‌റ കലണ്ടറിലെ ജമാദുല്‍ അക്ബര്‍ ഒന്നിനാണ് ഉത്സവം തുടങ്ങുന്നത്. നാണയങ്ങള്‍ നിറച്ച മണ്‍കുടങ്ങള്‍ ചന്ദനം തേച്ച്, പൂക്കളാല്‍ അലങ്കരിച്ച് ഭക്തര്‍ നേര്‍ച്ചയായി പളളിയില്‍ സമര്‍പ്പിക്കുന്ന ചടങ്ങ് ഏറെ പ്രശസ്തമാണ്. ഉറൂസിന്റെ സമാപനദിവസം പുലർച്ചെയാണു ചന്ദനക്കുടം നേർച്ച ഘോഷയാത്ര നടക്കുക.
10 വർഷം മുൻപ് വരെ സമാപനദിവസത്തെ ഘോഷയാത്രയുടെ ഭാഗമായി ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നടത്തിയിരുന്നു. എന്നാൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇവ രണ്ടും വേണ്ടെന്നു മഹല്ല് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും സാംസ്കാരിക സമ്മേളനങ്ങൾ നടക്കും. വാള്‍ ഉപയോഗിച്ചുള്ള ദഹറമുട്ട് ഉള്‍പ്പെടെയുള്ള നിരവധി കലാരൂപങ്ങള്‍ മസ്ജിദിനകത്ത് അവതരിപ്പിക്കപ്പെടും. എല്ലാ ദിവസവും രാത്രി ഏഴിന് കത്തി റാത്തീബ് നടക്കും. മഹോത്സവത്തിന്റെ സമാപന ദിവസം അന്നദാനം ഉണ്ടാകും.
തിരുവനന്തപുരം നഗരത്തില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ അറബിക്കടല്‍ തീരത്തോടു ചേര്‍ന്നാണു ബീമാ പള്ളി സ്ഥിതി ചെയ്യുന്നത്. അറേബ്യയില്‍ ജനിച്ച സയ്യിദുന്നിസ ബീമാ ബീവിയും മകന്‍ മാഹിന്‍ അബൂബക്കറും മതപ്രചാരണത്തിനായാണു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിലെത്തിയതെന്നാണു കരുതപ്പെടുന്നത്. ഇരുവരുടെയും ഖബറുകള്‍ സ്ഥിതിചെയ്യുന്ന ചെയ്യുന്ന സ്ഥലത്താണ് ഇന്നത്തെ ബീമാ പള്ളി നിര്‍മിച്ചത്.