scorecardresearch

കശാപ്പ് നിരോധനം: പ്രത്യേക നിയമസഭാ സമ്മേളനത്തിനെത്തിയ എംഎൽഎമാരെ വരവേറ്റത് ബീഫ് റോസ്റ്റ്!

നിയമസഭയിലേക്ക് എതിരേറ്റത് ‘ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്’ എന്ന അറിയിപ്പാണ്

കശാപ്പ് നിരോധനം: പ്രത്യേക നിയമസഭാ സമ്മേളനത്തിനെത്തിയ എംഎൽഎമാരെ വരവേറ്റത് ബീഫ് റോസ്റ്റ്!

തിരുവനന്തപുരം: കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിനെതിരെ ഇന്ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർത്ത് പ്രതിഷേധിക്കുകയാണ് കേരളം. പ്രത്യേക സമ്മേളനത്തിനായി എത്തിയ സമാജികരെ നിയമസഭയിലേക്ക് എതിരേറ്റത് ‘ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്’ എന്ന അറിയിപ്പാണ്. കാന്റീനിലൊരുക്കിയ ബീഫ് മത്സരിച്ച് കഴിച്ചാണ് എംഎല്‍എമാര്‍ സഭയില്‍ കയറിയത്.

നിയമസഭാ സമ്മളിച്ച ഇന്ന് കേരളത്തിലെ ഇടതു വലതു എംഎല്‍എമാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയപ്പോള്‍ സമാജികരുടെ പോരാട്ടത്തില്‍ പങ്കു ചേരുകയായിരുന്നു കാന്റീന്‍ ജീവനക്കാരും. ഭക്ഷണ സ്വാതന്ത്യത്തിനുമുകളിലുള്ള കടന്നു കയറ്റത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു എംഎല്‍എമാരുടെ പ്രഭാത ഭക്ഷണം.

അതേസമയം, കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. കശാപ്പ് നിയന്ത്രണം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യത്തെകുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്മേൽ സഭയിൽ ഇപ്പോൾ ചർച്ച പുരോഗമിക്കുകയാണ്.

കേന്ദ്ര വിജ്ഞാപനം കര്‍ഷകര്‍ക്ക് തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വിജ്ഞാപനത്തിന് പിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരു വര്‍ഷം 15 ലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് വരുന്നത്. മറ്റു സംസ്ഥാനത്തെ കന്നുകാലികളാണ് വര്‍ഷം തോറും ഇങ്ങോട്ടു വരുന്നത്. വിജ്ഞാപനം വന്നതോടെ ഇത് തടയപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡാർവിനെ വെല്ലുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വൻകിട കയറ്റുമതി, ഇറക്കുമതി കന്പനികൾക്ക് വേണ്ടിയാണ് ബിജെപി ഈ വഞ്ചന നടത്തുന്നത്. കന്നുകാലി കശാപ്പു നിയന്ത്രണം ശുദ്ധ തട്ടിപ്പാണെന്നും വി.എസ്. കൂട്ടിച്ചേർത്തു.

എന്നാൽ, പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ബിജെപി എംഎൽഎ ഒ. രാജഗോപാൽ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് ആരോഗ്യമുള്ള കന്നുകാലികളെ ആവശ്യമാണെന്നും അതിനാലാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ടു വന്നത് എന്നും രാജാഗോപാൽ ന്യായീകരിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Beef roast in kerala legislative assembly majority mlas ate beef for breakfast