കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തള്ളി ബ്യൂട്ടിപാര്‍ലര്‍ ഉടമ സുലേഖ. ജോളി തന്റെ ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയല്ലെന്ന് സുലേഖ പറഞ്ഞു. “ജോളി ബ്യൂട്ടി പാര്‍ലറിലെ സ്റ്റാഫല്ല. കസ്റ്റമറായാണ് ജോളി ബ്യൂട്ടി പാര്‍ലറിലെത്തിയിരുന്നത്. എന്‍ഐടിയിലെ അധ്യാപികയെന്നാണു സ്വയം പരിചയപ്പെടുത്തിയത്. ജോളിയുടെ പെരുമാറ്റത്തിലോ സംസാരത്തിലോ സംശയമൊന്നും തോന്നിയിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.” സുലേഖ പറഞ്ഞു.
Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരിയാണ് ജോളിയെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെയാണ് തന്റെ ബ്യൂട്ടി പാര്‍ലറിലെ കസ്റ്റമര്‍ മാത്രമാണ് ജോളിയെന്ന വെളിപ്പെടുത്തലുമായി സുലേഖ രംഗത്തെത്തിയത്. എന്തിനാണ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയാണെന്ന് ജോളി പറഞ്ഞതെന്ന് തനിക്ക് അറിയണമെന്നും സുലേഖ പറഞ്ഞു.
അതേസമയം, കൂടത്തായി കൊലപാതക കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്. മുഖ്യപ്രതിയായ ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യംചെയ്യലിനായി വടകര റൂറൽ എസ്‌പി ഓഫിസിലേക്ക് എത്തിച്ചു. ഷാജുവിനെതിരെ നിർണായകമായ മൊഴി ജോളി നൽകിയിട്ടുണ്ടെന്നാണ് സൂചന.
താൻ നിരപരാധിയാണെന്നാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു നേരത്തെ പറഞ്ഞിരുന്നു. വിവാഹത്തിന് മുൻകൈയെടുത്തത് ജോളിയായിരുന്നു, വിവാഹത്തിന് മുമ്പ് ജോളിക്ക് തന്നോട് താൽപര്യം ഉണ്ടായിരുന്നെന്നും ഇതിൽ താൻ അസ്വസ്ഥനായിരുന്നെന്നും ഷാജു പറഞ്ഞു. താൻ കടുത്ത മാനസിക സംഘർഷത്തിലാണെന്നും കൊല്ലപ്പെട്ട റോയിയുടേയും പ്രതി ജോളിയുടെയും മകന്റെ ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു പറഞ്ഞു.
തന്റെ ആദ്യ ഭാര്യ സിലിയുടെയും മകളുടെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നു ജോളി മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ന് രാവിലെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും പൊലീസെത്തി പരിശോധന നടത്തി.