തിരുവനന്തപുരം: വെള്ളനാട്ട് വീട്ടിലെ കിണറ്റില്‍ വീണ കരടി ചത്തതായി റിപ്പോർട്ടുകൾ. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വലയിലാക്കിയാണ് കരടിയെ പുറത്തെത്തിച്ചത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു പോയിരുന്നു. ഒരുമണിക്കൂറിലേറെ കിണറ്റിലെ വെള്ളത്തിൽ കരടി മുങ്ങി കിടന്നു.
വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിൽ ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്.
കരടിയെ മുകളിലെത്തിക്കാൻ ആദ്യം മയക്കുവെടി വെച്ചിരുന്നു. എന്നാൽ കിണറ്റിൽനിന്നു കയറ്റുന്നതിന് മുൻപ് കരടി വെള്ളത്തിലേക്ക് മയങ്ങി വീഴുകയായിരുന്നു. കരടി വെള്ളത്തിൽ പൂർണമായി മുങ്ങി പോയതോടെ വെള്ളം വറ്റിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ്.
രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ ശ്വാസതടസ്സത്തെ തുടർന്നു തിരിച്ചുകയറിയിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു. അതിനുശേഷമാണ് അഗ്നിരക്ഷാ സേന കരടിയെ പുറത്തെത്തിച്ചത്.
സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടിച്ചിരുന്നു. ഇതിനിടെയാണ് കരടി കിണറ്റിൽ വീണതെന്ന് കരുതുന്നു. കരടിയെ കണ്ടതിൽ ആശങ്കയുണ്ടെന്ന് പ്രദേശവാസികളും പറയുന്നു.