ബി ജെ പി നേതൃത്വം നൽകുന്ന എൻ​ഡി​എയുമായി ഘടകകക്ഷിയായ ബി ഡി ജെ എസിന്റെ നിസ്സഹരണം ചെങ്ങന്നൂരിൽ തുടരുമെന്ന് ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെളളാപ്പളളി. ബി ഡി ജെ എസ്സിന്റെ സംസ്ഥാന കൗൺസിൽ യോഗമാണ് ചെങ്ങന്നൂരിൽ തൽക്കാലം നിസ്സഹരണം തുടരാൻ തീരുമാനിച്ചത്.

ഇതേ സമയം, ബി ഡി ജെ എസ് എൻ ഡി എ മുന്നണി വിട്ടിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് രംഗത്ത് തൽക്കാലം ബി ഡി ജെ എസ് ഉണ്ടാകില്ല എന്നേയുളളൂ. നിലവിലുളള​ പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ വിട്ടുനിൽക്കാനാണ് തീരുമാനം.

ബി ഡി ജെ എസ് എം പി സ്ഥാനം ആവശ്യപ്പെട്ടുവന്നത് വസ്തുതയല്ലെന്ന് തുഷാർ വെളളാപ്പളളി വ്യക്തമാക്കി. എന്നാൽ​, പാർട്ടിയുടെ ആവശ്യങ്ങൾ ബി ജെ പി കേന്ദ്ര നേതൃത്വവുമായും ബി ജെ പി അധ്യക്ഷനുമായും ചർച്ച ചെയ്തിട്ടുണ്ട്.

മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് വേളയിലും വേങ്ങര ഉപതിരഞ്ഞെടുപ്പ് സമയങ്ങളിലും  ബി ഡി ജെ എസ് നിലപാട് കടുപ്പിച്ചിരുന്നു. എന്നാൽ ബി ജെ പി നേതൃത്വം ഇടപെട്ട് അവരെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാക്കുകയായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് വേളയിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ എൻ ഡി എയ്ക്ക് എതിരെ ആഞ്ഞിടിച്ചിരുന്നു. വേങ്ങരയിലും വെളളാപ്പളളി എസ് എൻ ഡി പി മനഃസാക്ഷി വോട്ട് എന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ ബി ഡി ജെ എസ് , മുന്നണിക്കൊപ്പം നിൽക്കുകയും ബി ജെ പി സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി ബി ഡി ജെ എസ് നേതാക്കൾ പറയുന്നു.

വേങ്ങര തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബി ജെ പി നേതാക്കൾ നൽകിയ വാക്ക് പാലിച്ചിട്ടില്ലെന്നും ഇങ്ങനെ അവഗണന സഹിച്ച് തുടരാൻ കഴിയില്ലെന്നുമാണ് ബി ഡി ജെ എസിലെ പൊതു അഭിപ്രായമായി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി ഡി ജെ എസ് നിസ്സഹരണം ആവർത്തിച്ച് പ്രഖ്യാപിക്കുന്നതെന്ന് പാർട്ടിയുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഇതേസമയം, ബി ഡി ജെ എസിനെ തിരഞ്ഞെടുപ്പ് കൺവെൻഷനിലേയ്ക്ക് ക്ഷണിക്കുമെന്നും അവർ ഇപ്പോഴും എൻ ഡി എ മുന്നണിയിലെ ഘടകകക്ഷിയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. ബി ഡി ജെ എസ് തീരുമാനം മുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ