തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ എന്ന മുന്നണി സംവിധാനത്തിൽ കേരളത്തിൽ സൗന്ദര്യപിണക്കം മൂർച്ഛിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന എസ്എൻ​ഡിപിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് മുന്നണി വിടാനൊരുങ്ങുന്നുവെന്ന് സൂചന.

സ്ഥാനങ്ങളൊന്നും ഇനി ഏറ്റെടുക്കേണ്ടതില്ലെന്നും യുഡിഎഫുമായോ എൽഡിഎഫുമായോ തങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ലെന്നും ബിഡിജെഎസ് നേതാവ് തുഷാർ വെളളാപ്പളളി വ്യക്തമാക്കിയതോടെ കേരളത്തിലെ എൻഡിഎ മുന്നണിയിലെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വാഗ്‌ദാനം ചെയ്ത പദവികള്‍ വച്ച് നീട്ടിയാലും ഇനി സ്വീകരിക്കില്ലെന്ന് തുഷാർ വെള്ളാപ്പളളി വ്യക്തിമാക്കിയിട്ടുണ്ട്.

ബിജെപിയുടെ അവഗണയിൽ പ്രതിഷേധിച്ചാണ് ബിഡിജെഎസ് മുന്നണി വിടാൻ ഒരുങ്ങുന്നത്. മൂന്നു വർഷമായിട്ടും മുന്നണി വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് ബിഡിജെഎസ്സിന്രെ പരാതി. ഈ​ പരാതി വളരെ നേരത്തെ വെളളാപ്പളളി നടേശൻ ഉന്നയിച്ചിരുന്നുവെങ്കിലും അതിൽ ഏതാണ്ട് ഒരു വർഷത്തോളമായി ഇടഞ്ഞു നിൽക്കുന്ന വെളളാപ്പളളി നടേശനൊപ്പം മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെളളാപ്പളളിയും ചേരുന്നുവെന്നാണ് സൂചന.

എസ്എൻ​ഡിപി മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ട് എന്ന് പ്രഖ്യാപിച്ചപ്പോഴും ബിഡിജെഎസ് ബിജെപിക്ക് ഒപ്പം നിന്നു. അതിന് ശേഷം നടന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിഡിജെഎസ് ബിജെപിക്ക് ഒപ്പം നിലയുറപ്പിച്ചു. കുമ്മനത്തിന്രെ നേതൃത്വത്തിൽ​ ബിജെപി നടത്തിയ യാത്രയിലും പാർട്ടി ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാൽ ഈ സമയം എസ്എൻഡിപിയും അതിന്രെ നേതാവ് വെളളാപ്പളളി നടേശനും ബിജെപിയ്ക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ​ മകൻ വെളളാപ്പളളി ബിജെപിയ്ക്ക് ഒപ്പം തന്നെ നിലയുറപ്പിച്ചിരുന്നു. ഇപ്പോൾ അദ്ദേഹവും നിലപാട് മാറ്റുകയാണ്.

ബിജെപി സഖ്യകക്ഷികളെ അവഗണിക്കുന്നവെന്നാണ് ആരോപണം. പി.സി.തോമസിന്രെ കേരളാ കോൺഗ്രസിനെയും ബിഡിജെഎസിനെയും സി.കെ.ജാനുവിനുമെല്ലാം വാഗ്‌ദാനങ്ങൾ നൽകിയിരുന്നുവെങ്കിലും അവയൊന്നും നിറവേറ്റിയില്ലെന്നാണ് ആരോപണം. അൽഫോൺസ് കണ്ണന്താനത്തെ മന്ത്രിയാക്കിയുളള തീരുമാനം വന്നതോടെയാണ് ബിഡിജെഎസ്സിനുളളിൽ അഭ്യന്തരവിഷയം പുകഞ്ഞു തുടങ്ങിയത്. ഇനിയും ഈ​ നിലയിൽ​ തുടരാനാകില്ലെന്ന അഭിപ്രായം പാർട്ടിക്കുളളിൽ തന്നെ പലരും വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ തുഷാർ വെളളാപ്പളളി തീരുമാനിച്ചതെന്ന് ബിഡിജെഎസുമായി ബന്ധപ്പെട്ടർ സൂചിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.