ആലപ്പുഴ: മലപ്പുറത്തെ ബിജെപി സ്ഥാനാർഥിയെ പിന്തുണയ്ക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എൻഡിഎ സ്ഥാനാർഥിയായല്ല, ബിജെപി സ്ഥാനാർഥിയായാണ് എൻ.ശ്രീപ്രകാശിനെ പ്രഖ്യാപിച്ചത്. സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനു മുൻപ് ബിഡിജെഎസുമായി കൂടിയാലോചിച്ചില്ല. മുന്നണി മര്യാദകളുടെ ലംഘനമാണ് നടന്നത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും വെളളാപ്പളളി ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാക്കിൽ പറഞ്ഞു.

ബിഡിജെഎസിന വിഴുങ്ങാമെന്നു കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്നും കരുതേണ്ട. ബിഡിജെഎസ് കേരളത്തിൽ ബിജെപിയെക്കാൾ കരുത്തുളള പാർട്ടിയാണ്. ഏതു മുന്നണിയുമായി സഹകരിക്കാനും ഭാവിയിൽ സാധ്യതയുണ്ടെന്നും വെളളാപ്പളളി വ്യക്തമാക്കി.

മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ശ്രീപ്രകാശാണ് ബിജപിയുടെ സ്ഥാനാർഥി. മുന്‍ എംപി ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12 നാണ് നടക്കുക. ഏപ്രില്‍ 17ന് വോട്ടെണ്ണൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ