തൃശൂർ: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിഎംഎസ് മുൻ സംസ്ഥാന പ്രസിഡൻഡുമായ ടി.വി.ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകൽ 3 ന് തൃശൂർ കുറുമ്പിലാവ് കോട്ടം പൊതുശ്മശാനത്തിൽ.
തൃശൂർ ജില്ലയിലെ ചാഴൂർ ഇഞ്ചമുടിയിലെ തെക്കുംപാടം വേലായുധൻ – അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് ടി.വി.ബാബു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നും എൻഡിഎ ടിക്കറ്റിൽ മത്സരിച്ചു.
ആദ്യഘട്ടത്തിൽ എഐവൈഎഫ്, സിപിഐ പ്രവർത്തകനായിരുന്ന ടി.വി.ബാബു 1995മുതൽ രണ്ടു തവണ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും 2005മുതൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ചുമതല നിർവ്വഹിച്ചു. ഏഴ് തവണ കെപിഎംഎസിന്റെ സംസ്ഥാന പ്രസിഡൻഡായും മൂന്നു തവണ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കെപിഎംഎസ് ഉപദേശക സമിതി ചെയർമാൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചു. മാലതിയാണ് ഭാര്യ. തമ്പാൻ, ബബിത, ബീന എന്നിവർ മക്കളാണ്.
Shri TV Babu did commendable work at the grassroots level in Kerala. His efforts to serve the poor and further social empowerment were noteworthy. Saddened by his demise. My thoughts are with his family and well-wishers in this sad hour. Om Shanti.
— Narendra Modi (@narendramodi) April 9, 2020
മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ അനുശോചിച്ചു. പെട്ടെന്നുണ്ടായ നിര്യാണത്തിൽ താൻ ദുഃഖിതനായെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അടുപ്പമുള്ളവർക്കും ഒപ്പമാണ് തന്റെ മനസ്സെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ താഴേത്തട്ടിലിറങ്ങി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച നേതാവാണ് ടി.വി.ബാബുവെന്നും പാവപ്പെട്ടവരെ സഹായിക്കുകയും സമൂഹത്തെ ശാക്തീകരീക്കുകയും ചെയ്ത നേതാവാണ് അദ്ദേഹമെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.