തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്ഐ ഈ വിവരം അറിയിച്ചത്.
സംസ്ഥാനത്തുടനീളം ബിബിസി ഡോക്യുമെന്റി പ്രദർശിപ്പിക്കാനാണ് ഇടതുസംഘടനകളുടെ നീക്കം. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. വൈകീട്ട് ആറിനു കാലടി സർവകലാശാലയിൽ എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഇതേസമയത്തു തന്നെ തലസ്ഥാനത്ത് ഡിവൈഎഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. സംഘർഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഡോക്യുമെന്ററിയിൽ മതവിദ്വേഷമുണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കോഴിക്കോട് നഗരത്തില്‍ ഇന്നുച്ചയ്ക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ വി.വസീഫാണ് സ്വിച്ച് ഓണ്‍ ചെയ്യുകയെന്നാണ് അറിയിച്ചിട്ടുള്ളത്. ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറും ഇന്നലെ മീഡിയാ വൺ ചാനലിലെ ചർച്ചയിൽ പറഞ്ഞിരുന്നു.
ബിബിസിയുടെ “ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ” ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഡോക്യുമെന്ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് വംശഹത്യയിൽ മോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്കാനാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് കലാപത്തിനോട് സ്വീകരിച്ച സമീപനത്തെക്കുറിച്ചുള്ള ബിബിസിയുടെ രണ്ട് എപ്പിസോഡുള്ള ഡോക്യുമെന്ററി. ബിബിസി ഡോക്യുമെന്ററി ആഗോള തലത്തില്‍ തന്നെ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുമെന്ന വിലയിരുത്തലില്‍ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം യുട്യൂബിനോടും ട്വിറ്ററിനോടും ഉത്തരവിട്ടിരുന്നു. ഐടി റൂൾസ്, 2021 പ്രകാരമാണ് വീഡിയോ നീക്കം ചെയ്യാന്‍ കേന്ദ്രം അടിയന്തര ഉത്തരവ് നല്‍കിയത്.