തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച ബി ബി സിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ബി ജെ പി പ്രതിഷേധത്തില്‍ പൂജപ്പുരയില്‍ സംഘര്‍ഷം. ബി ജെ പിയുടെയും യുവമോര്‍ച്ച അനുകൂല സംഘടനകളുടെയും പ്രതിഷേധ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലാണു പൂജപ്പുരയില്‍ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ബി ജെ പി മാര്‍ച്ച്.
പ്രതിഷേധക്കാരെ റോഡില്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാനുള്ള ശ്രമം നടത്തിയതോടെയാണു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാന്‍ പ്രതിഷേധകര്‍ തയാറായില്ല. ബി ജെ പിക്കു വലിയ സ്വാധീനമുള്ള പൂജപ്പുരയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിച്ചപ്പോഴും പ്രതിഷേധമുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധികരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തിയ ബി ജെ പി പ്രവര്‍ത്തകരെ ഗേറ്റിനു സമീപം പൊലീസ് തടഞ്ഞു. സര്‍വകലാശാലയ്ക്കു പുറത്ത് സ്ഥാപിച്ച എസ് എഫ് ഐ, കെ എസ് യു. കൊടികളും ബാനറുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഡി വൈ എഫ്, എസ്, എഫ് ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സംസ്ഥാന വ്യാപകമായി മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്ട് ഇന്നുച്ചയ്ക്കു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഗുജറാത്ത് കലാപത്തിനോട് സ്വീകരിച്ച സമീപനത്തെക്കുറിച്ചുള്ളതൊണു ബിബിസിയുടെ രണ്ട് എപ്പിസോഡുള്ള ഡോക്യുമെന്ററി. ആഗോള തലത്തില്‍ തന്നെ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍്പ്പിക്കുമെന്ന വിലയിരുത്തലില്‍ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം യുട്യൂബിനോടും ട്വിറ്ററിനോടും ഉത്തരവിട്ടിരുന്നു. ഐടി ചട്ടം 2021 പ്രകാരമാണ് വീഡിയോ നീക്കം ചെയ്യാന്‍ കേന്ദ്രം അടിയന്തര ഉത്തരവ് നല്‍കിയത്.