വയനാട്: ബത്തേരി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ആരോപണം ഉന്നയിച്ച ജെആര്‍പി നേതാവ് പ്രസീത അഴിക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം പരിശോധിക്കാന്‍ കോടതി ഉത്തരവ്. വയനാട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷ പരിഗണിച്ച് ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇരുവരും ഒക്ടോബര്‍ 11-ാം തിയതി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി സാംപിള്‍ നല്‍കാനാണ് കോടതി നിര്‍ദേശം.
സി.കെ ജാനുവിനും ജെ.ആര്‍.പിക്കും പണം നല്‍കിയത് ആര്‍.എസ്.എസിന്റെ അറിവോടെയാണെന്നു പറയുന്ന ശബ്ദരേഖ സംബന്ധിച്ചാണ് കോടതി ഉത്തരവ്. പണം ഏര്‍പ്പാടാക്കുന്നത് ആർ.എസ്.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് വിവിധ ചാനലുകള്‍ പുറത്തു വിട്ട ശബ്ദരേഖയില്‍ പറയുന്നുണ്ട്. ജാനുവിന്റെ പാര്‍ട്ടിക്കായി 25 ലക്ഷം രൂപ കൈമാറുന്നുണ്ടെന്നും സുരേന്ദ്രന്റേതിനു സാമ്യമുള്ള ശബ്ദത്തിന്റെ ഉടമ പ്രസീതയോട് പറയുന്നു.
ഫോണ്‍ സംഭാഷണത്തിലെ സ്ത്രീശബ്ദം തന്റേത് തന്നെയാണെന്ന് പ്രസീത പിന്നീട് സ്ഥിരീകരിച്ചിരുന്നു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ നേരിട്ടെത്തിയാണ് ജാനുവിന് പണം കൈമാറിയെന്ന് പ്രസീത പറഞ്ഞു. സുരേന്ദ്രനുമായുള്ള ഫോണ്‍സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും പ്രസീത വ്യക്തമാക്കിയിരുന്നു.