കൊച്ചി: കൃതി പുസ്തകോത്സവത്തിൽ ലളിതാംബികാ അന്തർജ്ജനം വേദിക്ക് സമീപത്തുള്ള മേശകൾക്ക് പുറകിൽ കുറച്ച് ചെറുപ്പക്കാരെ കാണം. അൽപ സമയം സംസാരിച്ചിരുന്നാൽ പകരം ഒരു കവിതയോ ചിത്രമോ അതിലുപരി നല്ലൊരു സൗഹൃദമോ നിങ്ങൾക്ക് ലഭിച്ചേക്കും.

സംഗതി മലയാളിക്ക് അത്ര പരിചയമുള്ള ആശയമല്ല. വിദേശ രാജ്യങ്ങളിൽ സാധാരണമായ തെരുവിലെ കലാ അവതരണങ്ങൾക്ക് സമാനമായ ‘ബസ്കിങ്’ എന്ന ആശയം നടപ്പിലാക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ.കലയെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറക്കുക എന്നതാണ് ബസ്കിങിലൂടെ ഉദ്ദേശിക്കുന്നത്.

ബസ്കിങ് കൊച്ചി എന്ന കൂട്ടായ്മയാണ് കൃതിയിൽ ഈ ആശയം പരിചയപ്പെടുത്തുന്നത്. ടൈപ്പ് റൈറ്റിങ്ങ് കവി മുതൽ ഇല്ലുസ്ട്രേറ്റർ വരെ ഇവരുടെ കൂടെയുണ്ട്‌. മുൻ എൻജിനീയറായ ശ്രീറാമിൻറെ കയ്യിൽ ഒരു ടൈപ്പ് റൈറ്ററാണുള്ളത്. മുന്നിലിരിക്കുന്ന ആൾ സംസാരിക്കുന്ന കാര്യങ്ങളെ ഒരു കവിതയിലേക്ക് വികസിപ്പിച്ച് ടൈപ് റൈറ്ററിൽ അടിച്ച് അയാൾക്ക് തന്നെ സമ്മാനിക്കുകയാണ് ശ്രീറാം.

സെൻറ് ആൽബർട്സ് കോളേജിലെ അധ്യാപികയായ ദേവിക ഇതേ പോലെ രൂപപ്പെടുന്ന കവിതകൾ കടലാസിൽ കുറിച്ച് നൽകും. ആർകിടെക്റ്റായ ഇന്ദു സ്വപ്നസമാനമായ ചിത്രീകരണങ്ങളാണ് വരച്ച് നൽകുക. ആർക്ക് വേണമെങ്കിലും ഈ സംഘത്തോടൊപ്പം ചേർന്ന് ബസ്കിങ്ങ് ചെയ്യുകയുമാകാം.

ജയ്പൂർ സാഹിത്യോത്സവത്തിൽ വച്ച് ശ്രീറാം കണ്ടുമുട്ടിയ ടൈപ്പ് റൈറ്റർ കവിയത്രിയായ പെൺകുട്ടിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ‘ബസ്കിങ്ങ് കൊച്ചി’ ജനിച്ചത്. പോർട്രെയിറ്റുകൾ ചെയ്യുന്ന നിഥിൻ, കാലിഗ്രാഫി ചെയ്യുന്ന അജു,ആകാശ്, ഗീതാജ്ഞലി, അൽത്താഫ്, അഭിജേഷ്, അനന്ദു, യദു തുടങ്ങിയവർ ഉൾപ്പെടുന്ന ഈ സംഘം ‘കൃതി’യിൽ ബസ്കിങ്ങിൻറെ സംസ്കാരം പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ദിവസവും വൈകീട്ട് 4 മുതല്‍ 7 വരെയാണ് ബസ്‌കിങ് കൂട്ടുകാര്‍ കൃതിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.