ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ രാജിഭീഷണി മുഴക്കി
പള്ളി മേഖലാ യോഗങ്ങളിലും നാല്ക്കവലകളിലുമല്ല സഭാ തലവനായ കാതോലിക്കാ ബാവ രാജി പ്രഖ്യാപനം നടത്തേണ്ടതെന്ന് യാക്കോബായ സഭ മുന്‍ മുഖ്യവക്താവ് ഫാ.വര്‍ഗീസ് കല്ലാപ്പാറ
കൊച്ചി: അസ്വാരസ്യങ്ങള്‍ പുകയുന്ന യാക്കോബായ സഭയില്‍ സഭാ തലവനായ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നാടകീയ രാജി പ്രഖ്യാപനം. കഴിഞ്ഞ ദിവസം സഭാ ആസ്ഥാനമായ പുത്തന്‍കുരിശില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് പെരുമ്പാവൂര്‍ ഭദ്രാസന മേഖലാ യോഗത്തില്‍ വച്ച് താന്‍ രാജിവയ്ക്കുന്നതായി കാതോലിക്കാ ബാവ പ്രഖ്യാപനം നടത്തിയത്.
അതേസമയം കാതോലിക്കാ ബാവ ഇത്തരത്തില്‍ പലതവണ രാജി പ്രഖ്യാപനം നടത്തിയിട്ടുള്ളതാണെന്നും രാജിക്കത്ത് ഒരിക്കല്‍ പോലും സഭാ തലവനായ പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്ക് അയച്ചുകൊടുത്തിട്ടില്ലെന്നുമാണ് സഭാ വൃത്തങ്ങള്‍ നല്കുന്ന വിവരം. യാക്കോബായ സഭയിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം ബഹളത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞിരുന്നു. യോഗത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ മീഡിയാ സെല്‍ കണ്‍വീനറായ കുര്യാക്കോസ് മോര് തെയോഫിലോസിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെയും കാതോലിക്കാ ബാവ നിയമിച്ചിരുന്നു.
പക്ഷെ വാര്‍ത്ത ചോര്ന്നതിനെപ്പറ്റിയല്ല മറിച്ച് സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണം വേണ്ടതെന്നു വൈദിക ട്രസ്റ്റിയായ ഫാ. സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ ഉള്‍പ്പടെയുള്ളവര്‍ വാദിച്ചതോടെയാണ് യോഗം ബഹളത്തില്‍ മുങ്ങിയതും തുടര്‍ന്നു പിരിച്ചുവിട്ടതും. ഇതിനു ശേഷമാണ് പെരുമ്പാവൂര്‍ ഭദ്രാസന മേഖലാ യോഗത്തില്‍ വര്‍ക്കിംഗ് കമ്മിറ്റിയിലെ ചിലരുമായി തനിക്കു ചേര്‍ന്നു പോകാനാവില്ലെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നും കാതോലിക്കാ ബാവ പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെ അങ്കമാലിക്കടുത്തുള്ള ചെറിയ വാപ്പാലശേരി മാര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി പെരുന്നാള്‍ യോഗത്തിലും കാതോലിക്കാ ബാവ താന്‍ സ്ഥാനം രാജിവച്ചതായി പ്രഖ്യാപനം നടത്തി. അതേസമയം കാതോലിക്കാ ബാവ രാജിവച്ചതുമായി ബന്ധപ്പെട്ട് സഭയുടെ ഔദ്യോഗിക നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്ഥാനമേറ്റതിനു ശേഷം കാതോലിക്കാ ബാവ ഇതുവരെ ഇരുപതോളം തവണ രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും ഇത്തവണത്തെ രാജി പ്രഖ്യാപനവും ഇത്തരമൊന്നാണെന്നാണ് കരുതുന്നതെന്നും ഒരു വര്‍ക്കിംഗ് കമ്മിറ്റി അംഗം വ്യക്തമാക്കി. 1983 കാലം മുതല്‍ വിവിധ കാരണങ്ങളുടെ പേരില്‍ കാതോലിക്കാ ബാവ രാജി പ്രഖ്യാപിക്കാറുണ്ട്. ഇത്തവണത്തെ രാജി പ്രഖ്യാപനത്തിനു പിന്നില്‍ കഴിഞ്ഞ ദിവസത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ മുന്‍കാലങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനമെന്നാണ് ഞങ്ങള്‍ കരുതുന്നത്, കമ്മിറ്റി അംഗം പറയുന്നു.
അതേസമയം പള്ളി മേഖലാ യോഗങ്ങളിലും നാല്ക്കവലകളിലുമല്ല സഭാ തലവനായ കാതോലിക്കാ ബാവ രാജി പ്രഖ്യാപനം നടത്തേണ്ടതെന്ന് യാക്കോബായ സഭ മുന്‍ മുഖ്യവക്താവ് ഫാ.വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്കത്ത് സഭാ തലവനായ മാര്‍ അപ്രേം കരീം രണ്ടാമന് പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്ക് അയച്ചുകൊടുക്കുകയാണ് വേണ്ടത്. രാജിക്കത്ത് ലഭിച്ചാലുടന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ ഇത് അംഗീകരിക്കുമെന്നുറപ്പാണ്. പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്കു രാജിക്കത്ത് അയക്കുന്നതിന് പകരം രാജി പ്രഖ്യാപനം തുടരെ നടത്തുന്നത് നാടകമായി മാത്രമേ കാണാനാവൂ, ഫാ. കല്ലാപ്പാറ കൂട്ടിച്ചേര്‍ക്കുന്നു.