scorecardresearch

ബലൂചിസ്ഥാൻ ആക്രമണം: പാക്കിസ്ഥാൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ; 'ആഭ്യന്തര പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം'

പാക്കിസ്ഥാൻ്റേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണെന്നും, സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

പാക്കിസ്ഥാൻ്റേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണെന്നും, സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

author-image
WebDesk
New Update
Balochistan attacks

ചിത്രം: എക്സ്

ഡൽഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ആക്രമണ പരമ്പരകളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാൻ്റെ ആരോപണങ്ങളെ ശക്തമായി തള്ളി ഇന്ത്യ. പാക്കിസ്ഥാൻ്റേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണെന്നും, സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Advertisment

ഓരോ തവണയും അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം, സ്വന്തം ജനതയുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഹരിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങളെ അടിച്ചമർത്തുന്നതിലും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിലും പാക്കിസ്ഥാൻ്റെ ചരിത്രം ലോകപ്രസിദ്ധമാണെന്ന് ജയ്‌സ്വാൾ വ്യക്തമാക്കി.

Also Read: മാസം 6 ലക്ഷം കിട്ടിയാൽ എന്തിനു വിദേശത്ത് പോണം? കോടികൾ സമ്പാദിച്ച് 18 കാരൻ

പ്രവിശ്യയിൽ ആക്രമണം നടത്തിയവരെ ഇന്ത്യ പിന്തുണച്ചുവെന്ന് ആരോപിച്ച പാക്കിസ്ഥാൻ സൈനിക, ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 40 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണങ്ങളാണ് ബലൂചിസ്ഥാനിലെ ക്വറ്റ, ഗ്വാഡർ, മസ്തുങ് തുടങ്ങി ഡസനിലധികം കേന്ദ്രങ്ങളിൽ നടന്നത്. ചാവേർ ആക്രമണങ്ങളിലും വെടിവെയ്പ്പിലുമായി ഏതാണ്ട് ഇരുനൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

Also Read: അനന്തമായ അവസരങ്ങളുടെ പാത; കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ശോഭന ഭാവിക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി

ആക്രമണങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്നും സുരക്ഷാ സേന ഒരു ദിവസം മുമ്പ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 84 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായും 18 പേരെ പിടികൂടിയതായും സംഘടന അവകാശപ്പെട്ടു. കണക്കുകൾ പാക്കിസ്ഥാൻ അധികൃതർ നിരസിച്ചിട്ടുണ്ട്.

Read More: കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും

Pakistan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: