കോഴിക്കോട്: ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിയിലുളള എസ്‌പി യതീഷ് ചന്ദ്രയ്ക്ക് എതിരെ പ്രചരിപ്പക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ .ശൈലജ. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് എസ്‌പി അപമര്യാദയായി പെരുമാറി എന്ന ആരോപണങ്ങളെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് മന്ത്രിയുടെ മറുപടി.

എസ്‌പി കേന്ദ്രമന്ത്രിയോട് മാന്യമായാണ് സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു. “പമ്പയിലെ പാർക്കിങ് സ്ഥലങ്ങൾ പ്രളയത്തിൽ നശിച്ചതിനെ തുടർന്നാണ് ശബരിമലയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതെന്ന് എസ്‌പി മാന്യമായി കേന്ദ്രമന്ത്രിയോട് പറഞ്ഞു മനസ്സിലാക്കുക മാത്രമാണ് ചെയ്തത്,” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

എസ്‌പി സ്ത്രീത്വത്തെ അപമാനിച്ചു , കെപി ശശികലയെ എസ്‌പി ശബരിമലയിൽ​ തടഞ്ഞു തുടങ്ങിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കെപി ശശികലയോട് പേരക്കുട്ടികളുടെ ചോറൂണ് നടത്താൻ ശബരിമലയിൽ പോകാം, പക്ഷേ അവിടെ തങ്ങാൻ അനുവദിക്കില്ലെന്നാണ് എസ്‌പി പറഞ്ഞത് .അത് എസ്‌പിയുടെ ജോലിയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രിയോടടക്കം  എസ്‌പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ എസ്‌പിയുടെ ഓഫിസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ