കൊച്ചി: കുമ്പളത്ത് വീപ്പയിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ നിർണായക നീക്കത്തിനൊരുങ്ങി പൊലീസ്. കൊല്ലപ്പെട്ട ശകുന്തളയുടെ മകൾ അശ്വതിയെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അശ്വതിയുടെയും ശകുന്തളയെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന സജിത്തിന്റെയും സുഹൃത്തായ പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്‌തതോടെയാണ് പൊലീസ് നിർണായക നീക്കത്തിന് ഒരുങ്ങുന്നത്.

ശകുന്തളയുടെ മരണത്തിൽ അശ്വതിക്ക് പങ്കുണ്ടെന്ന് പൊലീസിന് സംശയമുണ്ടായിരുന്നില്ല. കൊലപാതകം നടത്തിയതും മൃതദേഹം കായലിൽ തളളിയതും സജിത്താണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ ഇത് സംബന്ധിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നുവെന്ന പൊലീസിന്റെ സംശയമാണ് ഇപ്പോൾ ബലപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിൽ സജിത്തിന്റെ മരണവും ശകുന്തളയുടെ തിരോധാനവും സംബന്ധിച്ച് വ്യത്യസ്‌തമായ മൊഴികളാണ് അശ്വതി നൽകിയതെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് പുറമെ നുണപരിശോധനയ്ക്ക് അശ്വതി വിസമ്മതിച്ചതും പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്.

അശ്വതിയും കുട്ടികളും ഇപ്പോൾ താമസിക്കുന്നത് പത്തനംതിട്ട സ്വദേശിനിയുടെ കൂടെയാണ്. ഇവരെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. നിർണായക വിവരങ്ങൾ ലഭിച്ചിരുന്നില്ലെങ്കിലും അശ്വതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ശകുന്തളയെ കൊലപ്പെടുത്തുന്നതിന് മുൻപ് സജിത്ത്, അശ്വതിയെയും മക്കളെയും ഒരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഈ മുറിയുടെ വാടക നൽകിയതും ഇപ്പോൾ അശ്വതിയെയും മക്കളെയും സംരക്ഷിക്കുന്നതും ഇവരാണ്.

കൊലപാതകത്തിന് പിന്നിൽ പണം തട്ടിയെടുക്കാനുളള ശ്രമമാണെന്ന സംശയം കൂടുതൽ ബലപ്പെട്ടിട്ടുണ്ട്. ശകുന്തളയ്ക്ക് മരിക്കുന്നതിന് മുൻപ് ലോട്ടറി അടിച്ചിരുന്നുവെന്ന ആരോപണത്തിൽ അന്വേഷണ സംഘത്തിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാൽ അന്വേഷണത്തിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ