തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും കോണ്‍ഗ്രസ് ഈ സമരത്തോടൊപ്പം തുടര്‍ന്നുമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി എം പി അറിയിച്ചതായി സമരസമിതി. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികള്‍ ആറ്റിങ്ങലില്‍ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.
പാരിസ്ഥിതികമായി കേരളത്തെ നശിപ്പിക്കുകയും വിവരണാതീതമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തികമായി കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്നതാണു പദ്ധതിയെന്നു സമരസമിതി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു.
സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ടിക്കറ്റ് നിരക്കാണു നിശ്ചയിച്ചിട്ടുള്ളത്. കേരളത്തില്‍ നിലവിലുള്ള റെയില്‍പ്പാത ശക്തിപ്പെടുത്തിയും നവീകരിച്ചും വേഗം വര്‍ധിപ്പിച്ചും കൂടുതല്‍ ലൈനുകള്‍ കൂട്ടിച്ചേര്‍ത്തും നിലവിലുള്ള റെയില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാം. ഇതിനുപകരം പൊതുസമൂഹം ഒന്നായി എതിര്‍ക്കുന്ന പദ്ധതി കൊണ്ടുവരുന്നതിന്റെ പിന്നില്‍ കേരളത്തിന്റെ പരിമിതമായ ഭൂമി കോര്‍പറേറ്റുകള്‍ക്കു തീറെഴുതാനും കൊടിയ അഴിമതി നടത്താനുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സമിതി രാഹുലിനോട് പറഞ്ഞു.

അതിനിടെ, രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ മൂന്നാം ദിനം പിന്നിടുകയാണ്. ഇന്നു കണിയാപുരത്തുനിന്നാണു പര്യടനം ആരംഭിച്ചത്. യാത്രയുടെ തുടക്കത്തില്‍ തന്നെ മഴ പെയ്‌തെങ്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനു പേര്‍ ആവേശം ചോരാതെ രാഹുലിനൊപ്പം ചുവടുവച്ചു.
രാഹുലിനെ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും ആളുകള്‍ തടിച്ചുകൂടി. ഇവര്‍ക്കുനേരെ കൈവീശിക്കൊണ്ടാണ് അദ്ദേഹം നടന്നുനീങ്ങിയത്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ രാഹുലിനെ സ്വീകരിക്കാനായി ഷാളുകളും പൂക്കളുമായി എത്തി. ഇവരോടു കുശലം പറഞ്ഞും സ്നേഹം പ്രകടിച്ചുമാണ് ഒപ്പം സെൽഫിയെടുത്തുമാണ് അദ്ദേഹം നടന്നുനീങ്ങുന്നത്.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, യു ഡി എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, എം പിമാരായ കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എമാരായ രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പം നടന്നു.
ഇന്നത്തെ യാത്രയുടെ ഒന്നാംഘട്ടം ആറ്റിങ്ങലിലാണു അവസാനിച്ചത്. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും വിശ്രമിച്ചു. ഇതിനിടെയാണു സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെ സന്ദര്‍ശിച്ചത്. ഇന്നത്തെ യാത്ര കല്ലമ്പലത്ത് സമാപിക്കും.