തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് അനുചിതമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് പതിനായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നൽകിയ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളിയിരുന്നു. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്സൈസ് ശുപാര്‍ശ.

Read More: സ്മിതാ മേനോന്റെ സന്ദര്‍ശനം: വി.മുരളീധരനെതിരായ പരാതിയില്‍ കേന്ദ്രം വിശദീകരണം തേടി

കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. നിലവിൽ കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്‌സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്സൈസ് ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ബാറുകളിൽ നിലവിൽ കൗണ്ടർ വഴി വൈകീട്ട് 5 വരെയാണ് മദ്യവിൽപ്പനയുള്ളത്. ഇരുന്ന് മദ്യം കഴിക്കുന്ന തരത്തിൽ ബാറുകൾ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്. ക്ലബുകളിലും ഇരുന്ന് മദ്യം കഴിക്കാൻ അനുമതി നൽകുന്ന കാര്യം പരിശോധിച്ചിരുന്നു. ബാറുകൾ തുറന്നാൽ കൗണ്ടർ വിൽപ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്കോയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാമെന്ന് സർക്കാർ വിലയിരുത്തിയിരുന്നു.

എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണർ, ബെവ്‌കോ എം ഡി എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.