തിരുവനന്തപുരം: ബാർകോഴ കേസിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോർട്ട്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് രണ്ടുതവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും മാണിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുകയായിരുന്നു. മാണി കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് മൂന്നാം തവണയും കോടതിയെ അറിയിച്ചിരിക്കുന്നത്.

മാണിക്കെതിരായ അന്വേഷണ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. തുടർന്നാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് മന്ത്രി കെ.എം.മാണി ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ഉയർന്ന ആരോപണം. ബിജു രമേശാണ് മാണിക്കെതിരെ ആരോപണം ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ