തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാൻ സർക്കാരും സിപിഎമ്മും ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷണം തന്നിലേക്ക് നീളുമെന്നായപ്പോൾ മുഖ്യമന്ത്രിയുടെ സ്വരം മാറി. അന്വേഷണ സംഘത്തെ സംശയനിഴലിൽ നിർത്താൻ വേണ്ടിയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ശബ്‌ദരേഖ ആയുധമാക്കുന്നത്. ഇതിനു പിന്നിൽ സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.

ബാർകോഴയിൽ തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. നേരത്തെ നിഷേധിച്ചിട്ടുള്ള ആരോപണമാണ് ബാർകോഴ. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങൾ നേരിടുമ്പോൾ പ്രതിപക്ഷ നേതാവ് കൂടി അത്തരം ആരോപണങ്ങൾ നേരിടട്ടെ എന്നാണ് പിണറായി വിചാരിക്കുന്നത്. ഇത്തരം ഓലപ്പാമ്പുകൾ കാണിച്ചു പേടിപ്പിക്കാൻ നോക്കേണ്ട എന്നും തന്റെ കരങ്ങൾ ശുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ താൻ ഇവിടെയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Read more: കുരുക്ക് മുറുക്കി സർക്കാർ; ബാർകോഴയിൽ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ അനുമതി

“സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സ്വപ്‌നയും ശിവശങ്കറും ശ്രമിക്കുന്നത്. പേഴ്‌സണൽ സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടെ സ്വരം മാറി. ഇതുവരെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണ ഏജൻസികൾക്കെതിരെ സംസാരിക്കാൻ തുടങ്ങി,”

കേരളത്തിൽ എന്ത് വികസനമാണ് നടന്നിട്ടുള്ളത് ? അഴിമതിയുടെ കാര്യങ്ങൾ ചോദിക്കുമ്പോൾ വികസനം തടസപ്പെടുത്താൻ നോക്കുന്നു എന്ന് പറയുകയാണ്. ഇവിടെ ഒരു വികസനവും നടന്നിട്ടില്ല. കേരളത്തിൽ ആകെ നടക്കുന്നത് കള്ളക്കടത്തും ലഹരികടത്തും മാത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു.

ബാർ കോഴക്കേസിൽ ബിജു രമേശിന്റെ പഴയ വെളിപ്പെടുത്തലിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. രണ്ടുതവണ അന്വേഷിച്ച് തള്ളിയതുമാണ്. ബിജു രമേശി‍ന്റെ ശബ്ദരേഖ വ്യാജമെന്ന് തെളിഞ്ഞതാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.