തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ ബാറുകൾ നവംബർ ആദ്യവാരത്തിൽ തന്നെ സാധാരണ നിലയിൽ തുറന്നുപ്രവർത്തിക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട ആലോചനകൾ നടക്കുകയാണ്.

നിലവിൽ ബാറിൽ ഇരുന്ന് മദ്യപിക്കാൻ സാധിക്കില്ല. ബാറുകളിൽ നിന്ന് പാഴ്‌സൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചാലേ തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കൂ എന്നാണ് ബാറുടമകളുടെ നിലപാട്.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിജ്ഞാപനം വരാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് ബാറുകൾ തുറക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. വിജ്ഞാപനം പുറത്തിറങ്ങിയാൽ പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ബാറുകൾക്ക് തുറക്കാൻ സാധിക്കൂ. ഇക്കാരണത്താലാണ് വിജ്ഞാപനം ഇറങ്ങും മുൻപേ ബാറുകൾ തുറക്കാമെന്ന് തത്വത്തിൽ ധാരണയിലെത്തിയിരിക്കുന്നത്.

Read Also: മേ ഹൂ നാ.., സൂര്യകുമാർ യാദവ് പറയുന്നു, ചെവിയുള്ളവർ കേൾക്കട്ടെ

കേരളത്തിൽ ഉടൻ ബാറുകൾ തുറക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ബാറുകൾ തുറന്നുപ്രവർത്തിക്കാൻ കേന്ദ്രത്തിന്റെ അനുമതിയുണ്ട്. എന്നാൽ, കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ തൽക്കാലത്തേക്ക് ബാറുകൾ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ അഞ്ചിന് ഇറങ്ങിയേക്കും. അതിനേക്കാൾ മുൻപ് ബാറുകൾ തുറന്നുപ്രവർത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. അതേസമയം, വിജ്ഞാപനം പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡിസംബർ അവസാനമേ ബാറുകൾ തുറക്കാൻ സാധിക്കൂ. ബാറുടമകൾ ഇത് അംഗീകരിക്കുന്നില്ല.

ക്രിസ്‌തുമസ് സീസണിൽ നല്ല രീതിയിൽ കച്ചവടം നടക്കാൻ സാധ്യതയുണ്ടെന്നും കഴിഞ്ഞ ആറ് മാസമായി അടച്ചിട്ടതിനാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ബാറുടമകൾ ചൂണ്ടിക്കാട്ടുന്നു.

ബാറുകൾ തുറന്നാൽ തന്നെ കർശന നിയന്ത്രണങ്ങളുണ്ടാകും. ഒരു മേശയ്‌ക്ക് ഇരുവശവും അകലം പാലിച്ച് രണ്ട് പേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. ഭക്ഷണം പങ്കുവയ്‌ക്കാൻ അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.