കൊച്ചി: ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. പല ബാറുകളും ഫോർ സ്റ്റാർ ആക്കിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചതും. ഇതിൽ നേരത്തെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഗുണകരമായെങ്കിലും വേതനം ഉൾപ്പടെ പല കാര്യങ്ങളിലും ഇപ്പോഴും തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഇതിനെതിരെ മിനിമം വേതന കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ് തൊഴിലാളികൾ. ബാർ ഹോട്ടൽ തൊഴിലാളികളുടെ മിനിമം വേതനം 18000 രൂപയാക്കി നൽകണമെന്നാണ് ഓൾ കേരളാ ബാർ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് എംപ്ലോയിസ് അസോസിയേഷന്റെ ആവശ്യം. ഇതു ചൂണ്ടികാട്ടി കേരളാ മിനിമം വേതന ഉപദേശക സമിതിയ്ക്ക് നിവേദനം നൽകിയിരിക്കുകയാണ് തൊഴിലാളികൾ.

ബാർ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ ഇപ്പോഴും ഗുരതരമാണെന്ന് സംഘടന പറയുന്നു. പല തൊഴിലാളികൾക്കും ശമ്പളമായി ലഭിക്കുന്നത് 7000 മുതൽ 9000 രൂപ വരെയാണ്, ഇത് ജീവിത ചെലവുകളെ മുമ്പോട്ട് കൊണ്ടുപോകുന്നതിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. “മാന്യമായ തിരക്ക് പല ബാറുകളിലും ഉണ്ടെങ്കിലും തൊഴിലാളികൾക്ക് വേതനം കൂട്ടി നൽകാൻ ബാറുടമകൾ തയ്യാറാകുന്നില്ല” മേഖലയിൽ 18 വർഷമായി പ്രവർത്തിക്കുന്ന ഒരു തൊഴിലാളി ആരോപിക്കുന്നു.

“2009ലാണ് ഇതിനുമുമ്പ് അവസാനമായി മിനിമം വേതന കമ്മിറ്റി യോഗം ചേരുന്നത്. അതിന് ശേഷം പിന്നിടൊരിക്കലും വേതനം വർധിപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചട്ടില്ല. ഇതു മാത്രമല്ല പല ഹോട്ടലുകളിലും സമയപരിധിയിൽ കൂടുുതൽ ജോലിയെടുപ്പിക്കുകയും ചെയ്യുന്നു. ബാറിന്റെ പ്രവർത്തന സമയം മുഴുവൻ, അതായത് 12 മണിക്കൂറിലധികം ഇവർ തുടർച്ചയായി ജോലി ചെയ്യുന്നുണ്ട്.” ഓൾ കേരള ബാർ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ദിബു മംഗലശ്ശേരി പറഞ്ഞു.

അബ്കാരി മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. ടിപ്പുൾപ്പടെയുള്ള മറ്റ് വരുമാനങ്ങൾ ടേബിൾ സർവ്വീസ് ചെയ്യുന്നയാൾക്ക് മാത്രമാണ് ലഭിക്കുന്നതെന്നും മറ്റുള്ള ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യവും ലഭിക്കുന്നല്ലെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു. വലിയ തുക ഫീസായി നൽകി ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങിയ കുട്ടികളുടെയും അവസ്ഥ ഇതു തന്നെ.

ഇതെല്ലാം കണക്കിലെടുത്ത് ബാർ ഹോട്ടൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പ്രതിമാസം 18000 രൂപ അടിസ്ഥാന ശമ്പളമാക്കി പ്രഖ്യാപിക്കണമെന്നും. വർഷാവർഷം വേതന അടിസ്ഥാനത്തിൽ വർധനവ് ഉണ്ടാകണമെന്നും എട്ട് മണിക്കൂറിൽ കൂടുതൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഓവർടൈ അനുവദിക്കണമെന്നുമാണ് ഓൾ കേരള ബാർ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് എംപ്ലോയിസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

“അബ്കാരി മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന തരത്തിലുള്ള തീരുമാനങ്ങളുണ്ടായില്ലായെങ്കിൽ സമര പരിപാടികൾ ഉൾപ്പടെയുള്ള പ്രതിഷേധങ്ങളുമായി മുമ്പോട്ട് പോകും”

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ