തിരുവനന്തപുരം: ബാർകോഴ കേസിൽ കെ.എം.മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തളളി. മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലൻസ് മൂന്നാമതും സമർപ്പിച്ച റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് കോടതി തളളിയത്. സർക്കാർ അനുമതിയോടെ തുടരന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. കേന്ദ്രസർക്കാരിന്റെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരമാണ് തുടരന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടാൻ കോടതി നിർദേശിച്ചത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് രണ്ടുതവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും മാണിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുകയായിരുന്നു. മാണി കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് മൂന്നാം തവണയും കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ടാണ് കോടതി ഇപ്പോൾ തളളിയത്.

ബാർ കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കരുതെന്നും അതു തള്ളി തുടരന്വേഷണത്തിന് ഉത്തരവു നൽകണമെന്നും വി.എസ്.അച്യുതാനന്ദൻ അടക്കമുള്ള ഹർജിക്കാരും ആവശ്യപ്പെട്ടിരുന്നു. വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി.മുരളീധരൻ, നോബിൾ മാത്യു, സണ്ണി മാത്യു എന്നിവരായിരുന്നു ഹർജിക്കാർ.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് മന്ത്രി കെ.എം.മാണി ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ഉയർന്ന ആരോപണം. ബിജു രമേശാണ് മാണിക്കെതിരെ ആരോപണം ഉയർത്തിയത്. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നൽകിയെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം.

ബാർകോഴ കേസ് നാൾവഴികൾ

31-10-2014: പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ ആരോപണം

01-11-2014: മാണിക്കെതിരെ വി.എസ്.അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

11-12-2014: വിജിലൻസ് മാണിക്കെതിരെ കേസെടുത്തു

07-07-2015: മാണിക്കെതിരെ തെളിവില്ലെന്ന് വിജിലൻസിന്റെ ആദ്യ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

29-10-2015: ബാർ കോഴ കേസിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു

13-01-2016: മാണിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് വിജിലൻസ് രണ്ടാം തവണയും കോടതിയിൽ റിപ്പോർട്ട് നൽകി

27-08-2016: മാണിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി സുകേശൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇതിൽ കോടതി വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടു

03-03-2018: മാണിക്കെതിരെ കുറ്റപത്രം നൽകാൻ തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി കെ.ഇ.ബൈജു വീണ്ടും വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

18-09-2018: മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുളള വിജിലൻസിന്റെ റിപ്പോർട്ട് മൂന്നാമതും കോടതി തളളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.