കോട്ടയം: നീതിക്കായുളള പോരാട്ടം തുടരുമെന്ന് കെ.എം.മാണി. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് അന്വേഷണം നടത്തി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതാണ്. എത്ര വേണമെങ്കിലും ഇനിയും അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോടതി വിധിയിൽ തനിക്ക് വൈഷമ്യമില്ലെന്നും മാണി പറഞ്ഞു.
അതേസമയം, മാണി പല തരത്തിൽ സ്വാധീനം ചെലുത്തിയിട്ടും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് പറഞ്ഞു. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാർകോഴ കേസിൽ കെ.എം.മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തളളിയിരുന്നു. മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലൻസ് മൂന്നാമതും സമർപ്പിച്ച റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് കോടതി തളളിയത്. സർക്കാർ അനുമതിയോടെ തുടരന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.
Read: കെ.എം.മാണിക്ക് തിരിച്ചടി; ബാർകോഴ കേസിൽ അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തളളി
യുഡിഎഫ് സർക്കാരിന്റെ കാലത്ത് രണ്ടുതവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും മാണിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുകയായിരുന്നു. മാണി കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് മൂന്നാം തവണയും കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ടാണ് കോടതി ഇപ്പോൾ തളളിയത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് മന്ത്രി കെ.എം.മാണി ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ഉയർന്ന ആരോപണം. ബിജു രമേശാണ് മാണിക്കെതിരെ ആരോപണം ഉയർത്തിയത്. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നൽകിയെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം.