കൊച്ചി: ബാർകോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും ബാർ അസാേസിയേഷൻ നേതാവ് ബിജു രമേശ്. ബാർകോഴയുമായി ബന്ധപ്പെട്ട് തനിക്കെതിരെ മൊഴി നൽകരുതെന്ന് ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല തന്നെ വിളിച്ചപേക്ഷിച്ചെന്ന് ബിജു രമേശ് പറഞ്ഞു. മൊഴി നൽകുന്നതിനു തൊട്ടുമുൻപുള്ള ദിവസം രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ ഫോണിൽ ബന്ധപ്പെട്ടു. തനിക്കെതിരെ മൊഴി നൽകരുതെന്നും ഉപദ്രവിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായും ബിജു രമേശ് ആരോപിച്ചു. വളരെ ദയനീയമായി വിളിച്ച് രമേശ് ചെന്നിത്തലയ്ക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് ചെന്നിത്തലയുടെ ഭാര്യ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ബിജു രമേശ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജു രമേശ് രംഗത്തെത്തി. ബാർകോഴക്കേസിൽ ഉറച്ചുനിൽക്കണമെന്നും പിൻമാറരുതെന്നും പറഞ്ഞ പിണറായി വിജയൻ പിന്നീട് കെ.എം.മാണിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതെന്ന് ബിജു രമേശ് പറഞ്ഞു.
ബാർകോഴക്കേസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ബിജു രമേശ് പറഞ്ഞു. ചെന്നിത്തലയ്ക്കെതിരായ അന്വേഷണം പ്രഹസനമാണ്. എൽഡിഎഫും യുഡിഎഫും ചേർന്ന് കേസ് ഒത്തുതീർപ്പാക്കാനാണ് സാധ്യതയെന്നും കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Read Also: തമിഴ്നാട് തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ബാർകോഴക്കേസിൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിനു അനുമതി നൽകിയത്. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകുകയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലൻസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
അതേസമയം, അന്വേഷണത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഫയല്‍ കൈമാറിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ആവശ്യമാണ്.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ.ബാബു, മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നൽകിയെന്നാണ് ബിജു രമേശ് പറഞ്ഞത്.