ന്യൂഡല്‍ഹി: കെ.എം.മാണി ഉൾപ്പെട്ട ബാർ കോഴ കേസിന്റെ അന്വേഷണം സിബിഐ ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന കമ്മറ്റി അംഗം നോബിൾ മാത്യു നൽകിയ ഹർജി സുപ്രിം കോടതി തളളി. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, ആർ.ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തളളിയത്.

നിലവില്‍ വിജിലന്‍സ് അന്വേഷണം തുടരുമ്പോള്‍ സിബിഐ അന്വേഷണം സാധ്യമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു. നിലവിൽ ബാർ കോഴ കേസ് അന്വേഷിക്കുന്നത് സംസ്ഥാന വിജിലിൻസാണ്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസിന് താൽപര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോബിൾ മാത്യു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെ.എം.മാണി കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവും, നാല് തവണ സംസ്ഥാനത്ത് മന്ത്രിയായിരുന്ന വ്യക്തിയുമാണ്.

വിജിലൻസ് റിപ്പോർട്ടിൽ എന്തങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഹർജിക്കാരന് വിചാരണ കോടതിയെ സമീപിക്കാം എന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നോബിൾ സമർപ്പിച്ച ഹർജയിൽ പൊതുതാൽപ്പര്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കെ.എം.മാണി ബാറുടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് വിജിലൻസ് അന്വേഷിച്ചിരുന്നത്. 148 ബാറുകൾ തുറക്കാൻ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നാണു ബാർ ഉടമയായ ബിജു രമേശിന്റെ ആരോപണം. എന്നാൽ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നാണ് വിജിലിൻസിന്റെ കണ്ടെത്തൽ എന്നാണ് സൂചന.

മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ ക്രിത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന വിജിലിൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ