തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴക്കേസില്‍ ബിജു രമേശ് ഹാജരാക്കിയ പ്രധാന തെളിവായ ടെലിഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് ഫോറന്‍സിക് ഫലം. അഹമ്മദാബാദ് ലാബിലെ ഫോറന്‍സിക് പരിശോധനയിലാണ് ശബ്ദരേക കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞത്.

വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക കോടതിയില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രി കെ.എം. മാണിക്കു കോഴ നല്‍കിയെന്നും ഈ കേസ് ഇല്ലാതാക്കാന്‍ ചിലര്‍ സഹായം തേടിയെന്നും മറ്റും ആരോപിച്ച ബാര്‍ ഉടമ ബിജു രമേശ് ഇതിനു തെളിവെന്ന നിലയ്ക്കു കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലെ വിശദാംശവും സിഡിയിലെ സംഭാഷണവും രഹസ്യമൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട്.

ഇതോടെ ബിജുവിനെതിരെ ക്രിമിനല്‍ കേസുണ്ടാകാനാണ് സാധ്യത. മന്ത്രി കെ.എം. മാണിയടക്കം മൂന്നു മന്ത്രിമാര്‍ക്കു കോഴ നല്‍കിയെന്നും അതിന്റെ തെളിവു മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ബിജു രമേശ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ. വിഷ്ണു മുന്‍പാകെ സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നു. അതു റിക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഹാന്‍ഡ് സെറ്റും ശബ്ദം അടങ്ങിയ സിഡിയും കോടതിയില്‍ ഹാജരാക്കി. നേരത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കോടതിയില്‍ നല്‍കുമെന്നു പറഞ്ഞാണു ബിജു ഇതു കോടതിക്കു കൈമാറിയത്.

അസോസിയേഷന്‍ ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും എറണാകുളത്തു ചേര്‍ന്ന യോഗത്തില്‍ കെ.എം. മാണിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു ജോസ് കെ. മാണി ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണില്‍ വിളിച്ചെന്നും അവകാശപ്പെടുന്ന സംഭാഷണമായിരുന്നു സിഡിയില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ