തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്കെതിരെ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. കോഴ നല്‍കിയ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളേയും പ്രതി ചേര്‍ക്കണമെന്നും ബിജു ആവശ്യപ്പെടുന്നുണ്ട്. വിജിലന്‍സ് സംഘം വിശദമായി കാര്യങ്ങള്‍ പരിശോധിച്ചില്ല. കൂടാതെ നല്‍കിയ ശബ്ദരേഖയുടെ പൂര്‍ണരൂപം ഉണ്ടായിട്ടും കോടതി ശാസ്ത്രീയ പരിശോധനയ്ക്ക് വിധയമാക്കിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്നും ബിജു പറയുന്നു.

ബിജുവിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമായിരിക്കും തുടരന്വേഷണത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ് ഗവർണർക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും അപേക്ഷ നൽകിയിരുന്നു.

കെ.എം.മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവു പ്രകാരമാണ് ബിജു രമേശിന്റെ നടപടി. കെ.എം.മാണി ധനമന്ത്രിയായിരുന്ന കാലത്ത് പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിനു തെളിവില്ലെന്ന റിപ്പോർട്ട് തള്ളി, സർക്കാർ അനുമതിയോടെ കേസ് പുനരാരംഭിക്കണമെന്നു വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.

മൂന്നു പ്രാവശ്യമാണ് കേസിൽ വിജിലൻസ് മാണിക്ക് ക്ലീൻ ചീറ്റ് നൽകിയത്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് തള്ളുകയോ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കുകയോ ചെയ്യണമെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ്, കേസിൽ കക്ഷി ചേർന്ന വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, വി.മുരളീധരന്‍ എംപി എന്നിവർ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.