തിരുവനന്തപുരം: മാധ്യമങ്ങൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ബാർ അസോസിയേഷന്റേതാണ് നടപടി. സെബാസ്റ്റ്യന്‍ പോള്‍ ഒന്നാം എതിര്‍കക്ഷിയായ മാനനഷ്ടക്കേസില്‍ ഹാജരായ ഒമ്പത് പേരെയാണ് ബാർ അസോസിയൻ സസ്പെൻഡ് ചെയ്തത്. നാളെ ചേരുന്ന ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്യും.

മുതിർന്ന അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാര്‍ അടക്കം ഒമ്പത് പേർക്ക് എതിരെയാണ് നടപടി. അഡ്വ. കീര്‍ത്തി ഉമ്മന്‍ രാജന്‍, പേട്ട ജെ സനല്‍കുമാർ, ശിഹാബുദ്ധീന്‍ കാരിയത്ത്, ജിഎസ് പ്രകാശ്, പ്രദീപ് കുമാര്‍, ശ്രീജാ ശശിധരന്‍, എസ് ജോഷി, എന്‍ ബിനു എന്നിവരാണ് നടപടി നേരിടുന്ന മറ്റ് അഭിഭാഷകര്‍.

അസോസിയേഷന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവര്‍ ഹാജരായതെന്നാണ് ബാര്‍ അസോസിയേഷന്റെ വാദം. ഒമ്പത് അഭിഭാഷകരുടേയും പേരെഴുതി നോട്ടീസ് പതിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്ക് വേണ്ടിയാണ് നാളെ ബാര്‍ അസോസിയേഷന്‍ യോഗം ചേരുന്നത്. അഭിഭാഷകര്‍ക്ക് നാളെ ചേരുന്ന ജനറല്‍ ബോഡിയില്‍ വിശദീകരണം നല്‍കാമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

നേ​ര​ത്തെ, കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ട​തി പ​രി​സ​ര​ങ്ങ​ളി​ൽ അ​ഭി​ഭാ​ഷ​ക​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസുമായും മുതിര്‍ന്ന അഭിഭാഷകരുമായും അഭിഭാഷക സംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ അഭിഭാഷകര്‍ക്കെതിരായ നടപടികളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ വീണ്ടും പോരിനൊരുങ്ങുകയാണ്. എല്ലാവരും സഹകരിക്കുകയും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്താലേ പ്രശ്നം രമ്യമായി പരിഹരിക്കാനാവൂ എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.

“കോടതി വ്യവഹാരങ്ങളില്‍ ജനങ്ങള്‍ അറിയേണ്ട അനേകം കാര്യങ്ങളുണ്ട്. അവ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാണ്. ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കാരണം കോടതി റിപ്പോര്‍ട്ടിംഗ് എക്കാലത്തേക്കും തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ല. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ട് പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുന്നുമുണ്ട്. അത് ഇഴകീറി വീണ്ടും വീണ്ടും പരിശോധിച്ച് പരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിനും കൂടുതല്‍ പ്രകോപനങ്ങളിലേക്കു നീങ്ങുന്നതിനും പകരം സമവായത്തിന്‍റെ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത് എന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.